Advertisement

യുക്രൈനിലെ മെലിറ്റോപോളില്‍ റഷ്യ പുതിയ മേയറെ നിയമിച്ചു; പഴയ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം

March 13, 2022
2 minutes Read

റഷ്യയുടെ നിയന്ത്രണത്തിലായ യുക്രൈനിലെ മെലിറ്റോപോള്‍ നഗരത്തില്‍ റഷ്യ പുതിയ മേയറെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട മേയറെ റഷ്യന്‍ സൈന്യം തടവിലാക്കിയ ശേഷമാണ് പുതിയ മേയറെ നിയമിച്ചത്. സാപോറോഷെയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയര്‍ ഇവാന്‍ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.

സിറ്റി കൗണ്‍സില്‍ അംഗമായ ഗലീന ഡാനില്‍ചെങ്കോയാണ് പുതിയ മേയറെന്ന് സാപോറോഷെ റീജണല്‍ അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാല്‍ ഗലീന ഡാനില്‍ചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

അതേസമയം, മേയറെ റഷ്യന്‍ സൈന്യം ഉടന്‍ വിട്ടയക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലന്‍സ്‌കി ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ”ഞങ്ങളുടെ ആവശ്യം ന്യായമുള്ളതാണ്, ഞാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാവരുമായും ഞാന്‍ സംസാരിക്കും”, മേയറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിനെതിരെയും മേയറെ തട്ടിക്കൊണ്ടുപോയതിനെതിരെയും യുക്രൈനിയന്‍ ജനത മെരിറ്റോപോളില്‍ പ്രതിഷേധിച്ചു. ‘മോസ്‌കോ, നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? അധിനിവേശത്തിനെതിരെ 2,000 പേര്‍ മെലിറ്റോപോളില്‍ പ്രകടനം നടത്തുന്നു, യുദ്ധത്തിനെതിരെ മോസ്‌കോയില്‍ എത്രപേര്‍ പ്രതിഷേധിക്കും ?’ സെലന്‍സ്‌കി ചോദിച്ചു.

Story Highlights: New mayor installed in Russia-controlled Melitopol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top