പേവിഷബാധയെ നിസാരമായി കാണരുത്; അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

പേവിഷബാധയെക്കുറിച്ച് തെറ്റായ പല ധാരണകളും പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പേവിഷബാധയുമായി ബന്ധപ്പെട്ട അശാസ്ത്രീയവും അബദ്ധജടിലവുമായ ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ പേവിഷബാധയെ നിസാരമായി തള്ളിക്കളയുകയോ വാക്‌സിന്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യരുത്. പേവിഷബാധയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പതിവായുണ്ടാകുന്ന സംശയങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന മറുപടികള്‍ വിശദമായി വായിക്കാം.
- ആയുഷ്‌ക്കാലം മുഴുവന്‍ പ്രതിരോധശക്തി നല്‍കുന്ന ഒറ്റഡോസ് റാബിസ് വാക്‌സിന്‍ ലഭ്യമാണോ?
നിലവില്‍ ലോകത്തെവിടെയും അത്തരമൊരു റാബിസ് വാക്‌സിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മുന്‍പ് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മൃഗങ്ങളുമായി പേവിഷബാധ ഉണ്ടാകാന്‍ സാധ്യതയുള്ള വിധത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍ ( കടി, മാന്തല്‍, പോറല്‍) വീണ്ടും വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.
- കടിയേറ്റ ഭാഗത്ത് മുളക്, നാരങ്ങാനീര്, ഉപ്പ്, കടുകെണ്ണ എന്നിവ പുരട്ടുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ഇത്തരം സാധനങ്ങള്‍ മുറിവില്‍ പുരട്ടുന്നത് കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ ദോഷവും ഉണ്ടായേക്കാം. ഇവ പുരട്ടുന്നത് മൂലമുണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വൈറസിന് ഞരമ്പുകളിലേക്കും അതുവഴി തലച്ചോറിലേക്കുമുള്ള പ്രവേശനം എളുപ്പമാകുന്നു. ചികിത്സ ചെയ്തു എന്ന മിഥ്യാബോധം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകാം. അതിനാല്‍ കടിയേറ്റയുടന്‍ ആ ഭാഗം നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
Read Also : ഈ മാറ്റങ്ങളെ അവഗണിക്കരുത്; ഗർഭകാലത്തെ അപകട സൂചനകൾ എന്തെല്ലാം ?
- റാബിസ് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?
റാബിസ് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ഭക്ഷണംക്രമത്തില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ല. എന്നിരുന്നാലും ഈ സമയത്ത് മദ്യപാനം ഒഴിവാക്കുന്നത് ഉചിതമായിരിക്കും.
- പ്രതിരോധ കുത്തിവെപ്പ് എടുത്ത നായയില്‍ നിന്ന് റാബിസ് പകരുമോ?
പ്രതിരോധ കുത്തിവെപ്പ് എടുത്ത നായയില്‍ നിന്ന് സാധാരണഗതിയില്‍ റാബിസ് പകരുന്നതിന് സാധ്യതയില്ല. ഉപയോഗിച്ച ആന്റി റാബിസ് വാക്‌സിന്റെ ഗുണമേന്മയേയും വാക്‌സിന്‍ സ്വീകരിച്ച മൃഗത്തിന്റെ ആരോഗ്യത്തേയും ആശ്രയിച്ചിരിക്കുന്ന കാര്യമായതിനാല്‍ വാക്‌സിന്‍ സ്വീകരിച്ച നായയാണെങ്കില്‍ പോലും കടിയേറ്റയാള്‍ റാബിസ് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതം.
- പ്രതിരോധ കുത്തിവെപ്പ് എടുത്ത മനുഷ്യരില്‍ റാബിസ് ഉണ്ടാകുന്നതിന് സാധ്യതയുണ്ടോ?
പ്രതിരോധ കുത്തിവെപ്പ് എടുത്തതിനുശേഷവും മനുഷ്യരില്‍ റാബിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യം അപൂര്‍വമായെങ്കിലും ഉണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലുണ്ടായ കാലതാമസം, ഒന്നോ അതിലധികമോ കടികള്‍ അല്ലെങ്കില്‍ പോറലുകള്‍, മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് ശ്ലേഷ്മസ്തരത്തിലോ അല്ലെങ്കില്‍ മുറിവുണ്ടായ ചര്‍മ്മത്തിലോ അണുബാധ ഉണ്ടാവുക, വവ്വാലുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം എന്നീ രീതിയിലുള്ള കടിയേറ്റിട്ടും വാക്‌സിന്‍ എടുക്കാതിരിക്കുക, ഐ.ഡി.ആര്‍.വി മുഴുവന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാതെ ഇരിക്കുക എന്നീ കാരണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എച്ച്.ഐ.വി, സിറോസിസ് എന്നീ രോഗങ്ങളുളളവര്‍, ക്ലോറോക്വിന്‍ ഉപയോഗിക്കുന്നവര്‍, വളരെ നാളായി സ്റ്റിറോയ്ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍, കാന്‍സറിനുള്ള മരുന്ന് കഴിക്കുന്നവര്‍ എന്നിവരിലും വാക്‌സിന്‍ പരാജയപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം കൃത്യമായി ചെയ്തിട്ടും വിശദീകരിക്കാനാകാത്ത കാരണങ്ങളാല്‍ വാക്‌സിന്‍ പരാജയപ്പെട്ട സാഹചര്യങ്ങളും വളരെ അപൂര്‍വമായെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
- കടിയേറ്റശേഷം പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിനുപകരം കടിച്ച മൃഗത്തിനെ 10 ദിവസം നിരീക്ഷിച്ചാന്‍ മതിയോ?
കടിയേറ്റ ഉടന്‍ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവെപ്പ് എടുക്കുകയും കഴിയുന്നത്ര സാഹചര്യങ്ങളില്‍ കടിച്ച മൃഗത്തിനെ നിരീക്ഷിക്കുകയും ചെയ്യണം. പേവിഷബാധയുള്ള മൃഗം ആണെങ്കില്‍ ഒന്നു മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും മരണപ്പെടുകയും ചെയ്യും. ഇത് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മാത്രം ബാധകമായ കാര്യമാണ്. 10 ദിവസങ്ങള്‍ക്കുശേഷം മൃഗം ആരോഗ്യത്തോടെ ഇരിക്കുന്നു എങ്കില്‍ വാക്‌സിന്‍(പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ്) എടുക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം നിര്‍ത്തുകയോ അല്ലെങ്കില്‍ റാബിസ് വാക്‌സിന്റെ കോഴ്‌സ് പ്രീഎക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസിലേക്ക് മാറ്റുകയോ ചെയ്യാം.
- ഗര്‍ഭിണികള്‍ റാബിസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് എന്തെങ്കിലും തടസമുണ്ടോ?
റാബിസ് അപകടകാരിയായ വൈറസാണ്. പ്രതിരോധ കുത്തിവെപ്പ് ജീവന്‍ കാക്കും. അതുകൊണ്ടുതന്നെ പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യമുണ്ടായാല്‍ ഗര്‍ഭിണിയാണോ എന്നത് പരിഗണിക്കാതെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. അതുമാത്രമല്ല റാബിസ് വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടുമാത്രം ഗര്‍ഭമലസല്‍, നേരത്തെയുള്ള പ്രസവം, കുഞ്ഞുങ്ങളിലുണ്ടാകുന്ന അസ്വാഭാവികതകള്‍ മുതലായവ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- റാബിസ് ഉള്ള മൃഗത്തിന്റെ സംസ്‌കരിക്കാത്ത മാംസം ഭക്ഷിക്കുന്നതിലൂടെ റാബിസ് പകരുമോ?
റാബിസുള്ള മൃഗത്തിന്റെ മാംസം ഭക്ഷിക്കരുത്. ഇതുവരെ ഇങ്ങനെയുള്ള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും റാബിസ് ഉള്ള മൃഗത്തെ കശാപ്പ് ചെയ്യുന്നതും ഭക്ഷിക്കുന്നതും മൃഗത്തില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതിന് കാരണമായേക്കാം. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. റാബിസ് ഉള്ള മൃഗത്തിന്റെ മൃതശരീരം ഡോക്ടറുടെ നിര്‍ദേശപ്രകാരം കുഴിച്ചിടുകയോ കഴിയുമെങ്കില്‍ കത്തിക്കുകയോ ചെയ്യേണ്ടതാണ്.
- വീട്ടില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവയെ റാബിസില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം?
വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുക. ഉടമസ്ഥന്റെ നിരീക്ഷണത്തില്‍ മാത്രം അവയെ വീടിന് പുറത്തുകൊണ്ടുപോകുക. റാബിസ് ഉണ്ടാകാന്‍ സാധ്യതയുള്ള മൃഗങ്ങളുമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കുക.
- അവയവദാനം വഴി റാബിസ് പകരാന്‍ സാധ്യതയുണ്ടോ?
അവയവദാനം വഴി റാബിസ് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ എന്‍സഫലൈറ്റിസ് ( മസ്തിഷ്‌ക വീക്കം) ലക്ഷണങ്ങളോടുംകൂടി മരണപ്പെട്ടയാളുടെ അവയവങ്ങള്‍ ദാനം ചെയ്യരുത്. ഇതുവഴി അല്ലാതെ മറ്റ് മാര്‍ഗങ്ങളിലൂടെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് റാബിസ് പകരില്ല.
- വാക്‌സിനേഷന്‍ വഴി മനുഷ്യര്‍ക്ക് റാബിസ് ലഭിക്കാന്‍ സാധ്യതയുണ്ടോ?
ഇല്ല. മനുഷ്യരില്‍ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളും നിര്‍ജ്ജീവമാക്കിയതാണ്. വ്യത്യസ്തങ്ങളായ ഗുണനിലവാരപരിശോധനകളില്‍ കാര്യക്ഷമത, സുരക്ഷ, ഫലപ്രാപ്തി, എന്നിവ പരിശോധിച്ചതിന് ശേഷമാണ് മനുഷ്യരില്‍ റാബിസ് വാക്‌സിന്‍ പ്രയോഗിക്കുന്നത്. അതിനാല്‍ തന്നെ ഇത് സുരക്ഷിതവും ഫലപ്രദവുമാണ്.
Story Highlights: rabis vaccine faq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here