Advertisement

ശരിയായ പരിഹാര മാർഗങ്ങൾ മലിനീകരണം 80 ശതമാനം കുറയ്ക്കും; ഡിസ്പോസിബിൾ മാസ്കും പ്ലാസ്റ്റിക് മലിനീകരണവും…

March 14, 2022
1 minute Read

കൊവിഡും പരിസ്ഥിതി മലിനീകരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കൊവിഡ് പകർച്ചവ്യാധിയിൽ അത്രത്തോളം ഗൗരവത്തോടെ കാണേണ്ട ഒന്നാണ് മലിനീകരണവും. കാരണം കൊവിഡ് വന്നതോടെ ഡിസ്പോസിബിൾ മാസ്കുകൾ, കയ്യുറകൾ, മറ്റ് സംരക്ഷണ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം കുതിച്ചുയർന്നു. എന്നാൽ യുഎൻ ഏജൻസികളും പങ്കാളികളും മുന്നോട്ട് വെക്കുന്ന ആശങ്ക ശക്തമായ നിയന്ത്രണങ്ങളോടെയും കരുതലോടെയും ഇത് ഉപയോഗിച്ചില്ലെങ്കിൽ വലിയൊരു വിപത്തിനെ നേരിടേണ്ടി വരും എന്നാണ്. എങ്ങനെയാണ് കൊവിഡും മലിനീകരണവും ബന്ധപ്പെട്ടിരിക്കുന്നത്.

1) മാസ്‌ക് വിൽപ്പനയിലെ വൻ വർധനവ്

കൊവിഡ് 19 ന്റെ വ്യാപനം തടയാനുള്ള ഒരു മാർഗമായാണ് മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഡിസ്പോസിബിൾ മാസ്കുകളുടെ ഉൽപാദനത്തിൽ അസാധാരണമായ വർദ്ധനവിന് കാരണമായി. യുഎൻ ട്രേഡ് ബോഡി കണക്കുപ്രകാരം 2020 ആഗോള വിൽപ്പന മൊത്തം 166 ബില്യൺ ഡോളറാണ് കണക്കാക്കിയത്. 2019 ൽ ഏകദേശം 800 മില്യൺ ഡോളർ ആയിരുന്നു.

ഫ്രഞ്ച് റിവിയേരയ്ക്ക് ചുറ്റുമുള്ള ജലാശയത്തിൽ നിന്ന് മുങ്ങൽ വിദഗ്ധർ മാസ്കുകളും കയ്യുറകളും എടുക്കുന്ന വീഡിയോകളും ഫോട്ടോകളും കാണിക്കുന്ന സമീപകാല മാധ്യമ റിപ്പോർട്ടുകൾ ഏറെ ചർച്ചയായിരുന്നു. കൊവിഡ് സമയത്ത് നമ്മൾ ശ്രദ്ധിക്കാതെ പോയ, മലിനീകരണ വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ആ ദൃശ്യങ്ങൾ. രാഷ്ട്രീയക്കാരും നേതാക്കളും നമ്മളോരോരുത്തരും ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിനൊരു പരിഹാരവും ഈ പ്രശ്നത്തെ കുറിച്ച് അവബോധവും സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്.

2) സുരക്ഷിതമായ മാലിന്യ നിർമാർജ്ജനം

കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് ശരിയാണെങ്കിൽ കൊവിഡ് സമയത്ത് ഉപയോഗിച്ച മാസ്കുകളും മറ്റ് പാൻഡെമിക് സംബന്ധമായ മാലിന്യങ്ങളുടെയും 75 ശതമാനവും മണ്ണിനടിയിൽ അല്ലെങ്കിൽ കടലിൽ പൊങ്ങിക്കിടക്കുമെന്നാണ് കണക്കാക്കുന്നത്. പാരിസ്ഥിതിക നാശത്തിന് പുറമെ, വിനോദസഞ്ചാരം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക ചെലവ് ഏകദേശം 40 ബില്യൺ ഡോളറാണെന്ന് യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) കണക്കാക്കുന്നു.

പരിസ്ഥിതിക്ക് ഹാനികരമായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് ഉണ്ടാക്കുന്ന മെഡിക്കൽ മാലിന്യങ്ങളിൽ വലിയ വർദ്ധനയുണ്ടായാൽ ഇത് അനിയന്ത്രിതമായി വലിച്ചെറിയപ്പെടാൻ സാധ്യതയുണ്ടെന്ന് യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) മുന്നറിയിപ്പ് നൽകിയിരുന്നു. ഉപയോഗിച്ച മാസ്കുകളിൽ നിന്നുള്ള അപകടങ്ങളും അവ അനിയന്ത്രിതമായി കത്തിക്കുന്നതും പരിസ്ഥിതിയിലേക്ക് വിഷാംശം പുറത്തുവിടുന്നതിലേക്ക് നയിക്കും. ഇത് മനുഷ്യന് നിരവധി രോഗങ്ങൾക്കും കാരണമാകാം…

മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഒരുപോലെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ വിഷയം ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാലിന്യ സംസ്കരണവും ഈ മാലിന്യത്തിന്റെ സുരക്ഷിതമായ കൈകാര്യം ചെയ്യലും അന്തിമ നിർമാർജനവും പ്രധാന ഘടകമാണ്.

3) ശരിയായ പരിഹാരങ്ങൾ പ്ലാസ്റ്റിക്കുകളെ 80 ശതമാനം കുറയ്ക്കും

പരിസ്ഥിതി മലിനീകരണത്തിൽ ഇപ്പോൾ നിലവിലുള്ള അവസ്ഥയെ ഇപ്പോഴുള്ള പരിഹാരങ്ങൾ വെച്ചുതന്നെ മികച്ച രീതിയിൽ മറികടക്കാൻ സാധിക്കുമെന്നാണ് ദ പ്യൂ ചാരിറ്റബിൾ ട്രസ്റ്റും സസ്റ്റൈനബിലിറ്റി തിങ്ക്‌ടാങ്ക് സിസ്റ്റമിക്സും പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

യുഎൻ പരിസ്ഥിതി ഏജൻസിയായ യുഎൻഇപിയുടെ ഹെഡായ ഇംഗർ ആൻഡേഴ്സൻ അംഗീകരിച്ച പഠന പ്രകാരം നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 2040 ആകുമ്പോഴേക്കും സമുദ്രത്തിലേത് മൂന്നിരട്ടിയാകും. അതായത് പ്രതിവർഷം 11 മുതൽ 29 ദശലക്ഷം ടൺ വരെ.

എന്നാൽ ശരിയായ നിയന്ത്രണങ്ങൾ കൈകൊണ്ടാൽ ഇതേ കാലയളവിൽ തന്നെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 80 ശതമാനവും ഇല്ലാതാക്കാൻ കഴിയും. അതുകൊണ്ട് തന്നെ കൂടുതൽ എളുപ്പത്തിൽ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളും പാക്കേജിംഗും രൂപകൽപ്പന ചെയ്യുന്നതും മാലിന്യ ശേഖരണം വിപുലീകരിക്കുന്നതും പ്രധാനമാണ്.

4) ആഗോള സഹകരണം ആവശ്യം

ജൂലൈയിലെ നടന്ന വിശകലനത്തിൽ, മലിനീകരണം കുറയ്ക്കുന്നതിൽ ആഗോള വ്യാപാര നയങ്ങൾക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന നിഗമനത്തിൽ യുഎൻസിടിഎഡി എത്തിയിരുന്നു. കഴിഞ്ഞ ദശകത്തിൽ പല രാജ്യങ്ങളും പ്ലാസ്റ്റിക്ക് ഉപയോഗത്തിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത് പ്രശ്നത്തെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന ആശങ്കയുടെ സൂചകമാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾ ഫലപ്രദമാക്കാനും ഏകോപിപ്പിക്കാനും ആഗോള നിയമങ്ങൾ കൂടി ആവശ്യമാണ്.

Story Highlights: disposable masks and plastic pollution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top