Advertisement

ഹൈക്കോടതി ഇടപെടല്‍ ഫലം കണ്ടു; കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം നടപ്പാക്കാന്‍ സര്‍ക്കാര്‍

March 14, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര നടപടികകളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഹൈക്കോടതി നേരത്തെ നടത്തിയത്. അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എട്ട് ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നാണ് നിര്‍ദേശം. നിയമന പുരോഗതി മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി. പകലും രാത്രിയും നാല് വീതം സുരക്ഷാ ജീവനക്കാര്‍ വേണമെന്നും കോടതി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടല്‍.

പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമനം നടത്താന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദ്ദേശിച്ചു. വാച്ച്മാന്‍മാരുടെ തസ്തിക 24 ആയി ഉയര്‍ത്തും. ഇതിന് 20 അധിക തസ്തികകള്‍ സൃഷ്ടിക്കും. കുക്കിന്റെ തസ്തിക നിലനിര്‍ത്തും. കുക്കിന്റെ 8 തസ്തികകളില്‍ ഒഴിവുള്ളവയില്‍ നിയമനം നടത്തും.

അക്രമ സ്വഭാവമുള്ള അന്തേവാസികളെ പരിചരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും വൈദഗ്ധ്യവും ഉള്ളവരെ നിയമിക്കും. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ചുറ്റി സഞ്ചരിച്ച് നിരീക്ഷണം നടത്താന്‍ ഒരേ സമയം രണ്ട് ഫെയിങ്ങ് സെന്‍ട്രികളെ വീതം നിയമിക്കും. സിസിടിവി നിരീക്ഷക്കുന്നതിന് പ്രത്യേകമായി ജീവനക്കാരെ നിയമിക്കും. ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഉയരം 8 അടി ആയെങ്കിലും ഉയര്‍ത്തി വൈ ആകൃതിയിലുള്ള ബാര്‍ബിഡ് വയര്‍ ഫെന്‍സിംഗ് സ്ഥാപിക്കും.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ തസ്തികകളില്‍ മാനസിക രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക പരിജ്ഞാനമുള്ള ഡോക്ടര്‍മാരെത്തന്നെ നിയമിക്കും. പഴയ കെട്ടിടങ്ങളാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനും 100 കോടി രൂപയുടെ ഡിപിആറും അംഗീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്. ഡിപിആര്‍ അംഗീകാരത്തിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കിറ്റ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കും.

മെഡിക്കല്‍ കോളജുകളില്‍ കൂട്ടിരിപ്പിന് മാനസികാരോഗ്യകേന്ദ്രം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം സന്നദ്ധസേനാ വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ഇതര സംവിധാനങ്ങള്‍ ഒരുക്കണം. രോഗം പൂര്‍ണമായി ഭേദമായ വനിതകളെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രത്യേകം മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്, മ്യൂസിയം പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, കോഴിക്കോട് ജില്ലാ കലക്റ്റര്‍ നരസിംഹുഗാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: Government to implement comprehensive development of Kuthiravattom Mental Health Center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement