റഷ്യന്‍ അധിനിവേശം രൂക്ഷം; യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ അധിനിവേശം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു
യുക്രൈനിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ച ഓപ്പറേഷന്‍ ഗംഗ മിഷനും യോഗത്തില്‍ വിലയിരുത്തി.
അതേസമയം യുക്രൈനിലെ തെക്ക്-കിഴക്കൻ നഗരമായ മരിയുപോളിൽ 2100-ലധികം നിവാസികൾ കൊല്ലപ്പെട്ടതായി സിറ്റി കൗൺസിൽ. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 2,187 പേർ മരിച്ചു. അധിനിവേശത്തിൻ്റെ ആദ്യ ഒമ്പത് ദിവസങ്ങളിൽ 1,207 സിവിലിയൻമാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ നഗരത്തിൽ 22 റഷ്യൻ ആക്രമണങ്ങൾ നടന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.
Read Also : യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
12 ദിവസമായി ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നഗരത്തിൽ വൈദ്യുതിയോ വെള്ളമോ മൊബൈൽ കണക്ഷനോ ഇല്ല. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ശേഖരം തീർന്നു. ഇതിനകം 100-ലധികം ബോംബുകൾ മരിയുപോളിൽ പൊട്ടിയെന്നും അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യുക്രൈന് നേരെ രാസായുധ ആക്രമണം നടത്തിയാൽ റഷ്യ കടുത്ത വില നൽകേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്ത് വന്നത്.
Story Highlights: India relocates embassy in Ukraine to Poland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here