കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതിയില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. രണ്ട് പി ജി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിക്കില്ല. രണ്ട് പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ ഇരുവരേയും ഇന്നലെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഫെബ്രുവരി രണ്ടാം തിയതിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജൂനിയര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജിലെ റാഗിങ് കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ആഭ്യന്തര തലത്തില്‍ റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടത്.
ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റലില്‍ നിന്നും ഒഴിയണമെന്നും കോളജിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Story Highlights: ragging case against kozhikode medical college students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here