Advertisement

“യാത്രയായിരുന്നു ജീവിതം”; 22 വർഷത്തെ ലോകപര്യടനത്തിന് ശേഷം അർജന്റീനിയൻ കുടുംബം തിരികെ നാട്ടിലേക്ക്…

March 15, 2022
2 minutes Read

തിരക്കേറിയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് യാത്ര പോകുന്നവരാണ് നമ്മൾ. കാരണം യാത്രകൾ സമ്മാനിക്കുന്നത് പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ്. ചില സമയങ്ങളിലെങ്കിലും, നമ്മളെല്ലാവരും നമ്മുടെ ദൈനംദിന ജോലികൾ ഉപേക്ഷിച്ച് ലോകം ചുറ്റി സഞ്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. ഇങ്ങനെയൊക്കെ പറഞ്ഞാലും എല്ലാം ഉപേക്ഷിച്ച് യാത്ര ചെയ്യാനുള്ള ധൈര്യം നമ്മളിൽ പലർക്കും ഉണ്ടാവില്ല.കുടുംബം, ജോലി, സാഹചര്യം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ചുള്ള ചിന്തകൾ നമ്മെ അലട്ടും. എന്നാൽ ആ സ്വപ്നം സാക്ഷാത്കരിച്ച ഒരു കുടുംബമുണ്ട്.

സാപ്പ് എന്നറിയപ്പെടുന്ന ഒരു അർജന്റീനിയൻ കുടുംബം. ഹെർമനും കാൻഡലേറിയയും അവരുടെ കുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം. 2000 മുതൽ ലോകമെമ്പാടും സഞ്ചരിച്ച് നടക്കുകയാണ് ഇവർ. കഴിഞ്ഞ 22 വർഷമായി യാത്രയാണ് അവരുടെ ജീവിതം. ഇതിനിടയ്ക്ക് അവർ 362,000 കിലോമീറ്റർ (225,000 മൈൽ) യാത്ര ചെയ്യുകയും അഞ്ച് ഭൂഖണ്ഡങ്ങളും 102 രാജ്യങ്ങളും സഞ്ചരിച്ചു. എന്നാൽ യാത്ര മതിയാക്കി അവർ തിരിച്ച് അർജന്റീനയിലേക്ക് മടങ്ങുകയാണ്. ഇപ്പോൾ അവർ ഉറുഗ്വേയുടെ അതിർത്തിയിലുള്ള പട്ടണത്തിൽ വെച്ച് തങ്ങളുടെ ജീവിതയാത്ര പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2000 ജനുവരി 25-ന് യാത്രയ്‌ക്ക് പോയ അതേ ബ്യൂണസ് അയേഴ്‌സ് സൈറ്റിൽ അവർ ഞായറാഴ്ച തിരിച്ചെത്തും.

“വളരെ സമ്മിശ്രമായ വികാരമാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ ഒരു സ്വപ്നം അവസാനിപ്പിക്കുകയാണ്. അല്ലെങ്കിൽ ഒരു സ്വപ്നം നിറവേറ്റുകയാണ്. ഇനി എന്ത് ഞങ്ങളെ തേടിവരും? ആയിരക്കണക്കിന് മാറ്റങ്ങൾ, ആയിരക്കണക്കിന് ഓപ്ഷനുകൾ.” ഹെർമൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ 22 വർഷത്തിനുള്ളിൽ കുടുംബം അക്ഷരാർത്ഥത്തിൽ വലുതായി. ലോകമെമ്പാടും സഞ്ചരിക്കുമ്പോഴും അവർ നാല് കുട്ടികളെയും ഒപ്പം വളർത്തി. യാത്ര തുടങ്ങുമ്പോൾ ഹെർമന് 31 വയസ്സായിരുന്നു, ഇപ്പോൾ 53 വയസ്സ് ആയി. കാൻഡലേറിയയ്ക്ക് 29 വയസ്സായിരുന്നു, ഇപ്പോൾ 51 വയസ്സായി. മൂത്ത കുട്ടി പാംപ ഇപ്പോൾ പത്തൊൻമ്പത് വയസ്സായി. അമേരിയ്ക്കയിലാണ് പാംപ ജനിച്ചത്. 16 വയസ്സുള്ള തെഹുവ അർജന്റീനയിലും 14 വയസ്സുള്ള പലോമ കാനഡയിലും 12 വയസ്സുള്ള വല്ലബി ഓസ്‌ട്രേലിയയിലും ജനിച്ചു.

ഈ ദമ്പതികളുടെ കഥ വളരെ രസകരമാണ്. വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് അവർ യാത്രയാണ് ജീവിതമെന്ന് തീരുമാനിച്ചത്. ഒരിക്കൽ അലാസ്‌കയിലേക്ക് നടത്തിയ യാത്രയാണ് ഇങ്ങനെയൊരു തീരുമാനത്തിന് അവരെ പ്രേരിപ്പിച്ചത്. 1928 അമേരിക്കൻ മോഡൽ കാർ ആണ് അവർ യാത്രയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. അറ്റകുറ്റപണികൾ ഏറെ ചെയ്യേണ്ടി വന്നെങ്കിലും ഇതിലെ യാത്ര മികച്ചതായിരുന്നു. 22 വർഷത്തിനുള്ളിൽ അവർ എട്ട് സെറ്റ് ടയറുകൾ മാത്രം മാറ്റി, അവരുടെ കുട്ടികളെ ഉൾക്കൊള്ളാൻ കുറച്ച് ക്രമീകരണങ്ങളും വരുത്തി.

യാത്ര വഴിയിൽ നിരവധി തടസ്സങ്ങൾ നേരിട്ടു. ഹെർമന് ഒരിക്കൽ മലേറിയ പിടിപെട്ടു. ആഫ്രിക്കയിൽ വെച്ച് എബോളയും മധ്യ അമേരിക്കയിൽ വെച്ച് ഡെങ്കിപ്പനിയും നേരിടേണ്ടി വന്നു. ക്രൗഡ് ഫണ്ടിംഗ് വഴിയും “കാച്ചിംഗ് എ ഡ്രീം” എന്ന പുസ്തകം വിറ്റുമാണ് ഇവർ പണം സ്വരൂപിച്ചത്. ഏകദേശം 100,000 കോപ്പികളാണ് ഇതിനോടകം വിറ്റത്. അവരുടെ പ്രധാന വരുമാന മാർഗവും ഇതായിരുന്നു. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി സാധാരണ ജീവിതം നയിക്കാനും കൂട്ടുകാരുമൊത്ത് സൗഹൃദം സ്ഥാപിക്കാനും കാത്തിരിക്കുകയാണ് കുട്ടികൾ.

Story Highlights: Argentinian Family Finally Back Home After 22 Years Of Touring The World

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top