ഫൈനൽ പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്; സഹൽ ഇല്ല, ടീമിൽ രണ്ടു മാറ്റങ്ങൾ

ഐ എസ് എൽ രണ്ടാംപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ അബ്ദുൾ സഹലില്ല. ഐഎസ്എല്ലിലെ രണ്ടാംപാദ സെമിഫൈനലിൽ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനായി. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോൾ സന്ദീപും നിശുകുമാറും ടീമിലെത്തി.
അതേസമയം, ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സിൻറെ വിജയഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിലോ പകരക്കാരുടെ ലിസ്റ്റിലോ ഇല്ലെന്നത് അത്ഭുതമായി. പരുക്ക് കാരണമാണ് സഹലിന് കളിക്കാൻ സാധിക്കാത്തത്.
പതിവ് ഫോർമേഷനിൽ നിന്ന് മാറ്റമുള്ള ടീമിനേയാണ് പരിശീലകൻ വുക്കമനോവിച്ച് അണിനിരത്തുന്നത്. ലൂണ, ഡിയസ്, വാസ്‌കസ് എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്. ആദ്യപാദ സെമിയിൽ 38-ാം മിനുറ്റിൽ അൽവാരോ വാസ്‌ക്വേസിൻറെ അസിസ്റ്റിൽ സഹൽ അബ്‌ദുൽ സമദ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് 1-0ന് ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ജംഷഡ്‌പൂരിനെ സമനിലയിൽ തളച്ചാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്ക് മുന്നേറാനാവും.
ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയ ജംഷഡ്‌പൂർ കരുത്തരെങ്കിലും ഇന്നത്തെ രണ്ടാംപാദ സെമിയിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിൻറെ മുന്നേറ്റത്തിന്. മൂന്നാംഫൈനലാണ് കേരള ക്ലബ്ബിന്റെ ലക്ഷ്യം. 2014, 2016 വർഷങ്ങളിലാണ് ടീം ഇതിനുമുമ്പ് ഫൈനലിൽ കളിച്ചത്.
Story Highlights: isl-2021-2022-kerala-blasters-vs-jamshedpur-fc-semi-final-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here