സർക്കാർ ഒപ്പമുണ്ട്; കീഴടങ്ങിയ മാവോയിസ്റ്റിന് പുനരധിവാസ പാക്കേജ് കൈമാറി

കഴിഞ്ഞവര്‍ഷം വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. 3,94,000 രൂപയുടെ ചെക്കും, താൽക്കാലിക വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്.
സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്‍റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് നടപടി.
വീടും സ്റ്റൈപ്പെന്‍റും കൂടാതെ തുടര്‍പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഗവണ്‍മെന്‍റ് ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായം നല്‍കും. 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പാക്കേജിന്‍റെ ആനുകൂല്യം ലഭിക്കും.
Story Highlights: rehabilitation-package-handed-over-to-surrendered-maoist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here