Advertisement

പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ അധികാരമേൽക്കും, 100 ഏക്കറിൽ വിപുലമായ ഒരുക്കങ്ങൾ

March 16, 2022
1 minute Read

പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കർ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സർക്കാരായിരിക്കും. മാർച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കർ കാലനിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വിറ്ററിൽ കുറിച്ചു. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാൻ മൻ അഭ്യർത്ഥിച്ചിരുന്നു.

ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളടക്കം നിരവധി പ്രമുഖ‍ർ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള പന്തൽ ഒരുക്കിയിരിക്കുന്നത്. ഒരുലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 ഏക്കറിൽ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 8,000 മുതൽ 10,000 പൊലീസുകാരെ വിന്യസിക്കും.

അതേസമയം മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് എഎപി അറിയിച്ചിരുന്നു. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. ഹർപാൽ സിംഗ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിംഗ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

Story Highlights: bhagwant-mann-oath-taking-ceremony-today-in-punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top