യു.എ.ഇയിൽ അഡ്നോക് പ്രോ ലീഗ് മത്സരത്തിനിടെ അടിപിടി; മൂന്ന് താരങ്ങൾക്ക് സസ്പെൻഷനും പിഴയും

യു.എ.ഇയിൽ അഡ്നോക് പ്രോ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് മൂന്ന് താരങ്ങളെ സസ്പെൻഡ് ചെയ്തു. അബുദാബിയിൽ നടന്ന മത്സരത്തിലാണ് അൽ വദ്ഹയും അൽഐനും തമ്മിൽ അടിപിടിയുണ്ടായത്. അൽഐൻ, അൽ വദ്ഹ ടീമുകളുടെ ഇനിയുള്ള നാല് മത്സരങ്ങൾ അടച്ചിട്ട വേദിയിൽ നടത്താനും യു.എ.ഇ ഫുട്ബോൾ അസോസിയേഷൻ നിർദേശം നൽകി. അൽഐനിലെ ഒരാളെയും അൽ വദ്ഹ ടീമിലെ രണ്ട് പേരെയുമാണ് സസ്പെൻഡ് ചെയ്തത്.
എതിർതാരത്തെ ആക്രമിച്ചതിന്റെ പേരിൽ അൽ വദ്ഹ താരം ഇസ്മായിൽ മത്താറിന് രണ്ട് മത്സരത്തിൽ നിന്ന് വിലക്കും 40 ലക്ഷം രൂപ പിഴയും വിധിച്ചു. എതിർതാരത്തെ കൈയേറ്റം ചെയ്തതിന് ഇതേ ടീമിലെ ഖമീൽ ഇസ്മയിലിനെ രണ്ട് കളിയിൽ നിന്ന് വിലക്കി. 90,000 ദിർഹം പിഴയും ചുമത്തി.
Read Also : ലൂണയുടെ മാജിക്കിൽ ആദ്യ ഗോൾ നേടി ‘മഞ്ഞപ്പട’; ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ (1-0)
അൽഐൻ താരം എറിക് ജുർഗൻസിനെ മൂന്ന് കളിയിൽ നിന്ന് വിലക്കിയത് സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ്. ഇദ്ദേഹത്തിന് ഒന്നര ലക്ഷം ദിർഹം പിഴയുമിട്ടു. സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമായ പ്രവൃത്തിയിൽ ഏർപെട്ടതിന് അൽഐൻ താരങ്ങളായ സുഫിയാൻ റാഹിമി, ഖാലിദ് ഇസ്സ, നാസർ അൽ ഷുഖൈലി എന്നിവർക്ക് 25,000 ദിർഹം പിഴയും താക്കീതും നൽകി. അൽഐൻ ഫിറ്റ്നസ് കോച്ചിനെ ബഹളത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ നാല് മത്സരങ്ങളിൽ നിന്ന് വിലക്കുകയും 75,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തു.
അടിപിടിയുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാണികൾ ഗ്രൗണ്ടിലിറങ്ങി ബഹളമുണ്ടാക്കുന്നതും പൊലീസ് ഇടപെടുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. കാണികളുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റത്തെ തുടർന്നാണ് അടച്ചിട്ട വേദികളിൽ മത്സരം നടത്താൻ നിർദേശം നൽകിയത്.
Story Highlights: Beating during a football match; Suspension for three players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here