Advertisement

വീട് വിലക്കുന്ന മിശ്ര വിവാഹങ്ങൾ

March 17, 2022
1 minute Read

മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ ക്ഷേത്രക്കമ്മിറ്റി വിലക്കിയെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പാർട്ടി ഗ്രാമമായ കരിവെള്ളൂരിൽ പുറംലോകമറിയാതെ മൂടികിടന്ന ജാതി പ്രശ്‌നം കേരളം അറിയുന്നത്. കരിവെള്ളൂരിലെ ജാതിപ്രശ്‌നം അന്യമതസ്ഥരെ വിവാഹം ചെയ്യുന്നവർ മാത്രമല്ല നേരിടുന്നത്, കീഴ് ജാതിയിൽപ്പെട്ടവരെ വിവാഹം ചെയ്തവർക്കും അപ്രഖ്യാപിത ഭ്രഷ്ടും വിലക്കുമാണ് പ്രദേശത്തെ ക്ഷേത്രങ്ങളിൽ. മതിർന്നവർ മാത്രമല്ല, കുട്ടികളും ഈ വിലക്കിന് ഇരകളാണ്. ഇതലൊരാളാണ് കരിവെള്ളൂർ സ്വദേശിയും മാധ്യമപ്രവർത്തകയുമായ ശരണ്യ എം ചാരു എന്ന യുവതിയും. താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് തുറന്നെഴുതുകയാണ് ശരണ്യ.

കരിവെള്ളൂരിലെ ജാതിക്കോമരങ്ങൾ, മൂന്നാം ഭാഗം.

വീട് വിലക്കുന്ന മിശ്ര വിവാഹങ്ങൾ…!

മുച്ചിലോട്ട് ഭഗവതിയെ പറ്റി കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ പേരുകേട്ട മുച്ചിലോട്ട് ഭഗവതി തെയ്യവും കരിവെള്ളൂരും തമ്മിലുള്ള ബന്ധത്തെ പറ്റി എല്ലാവരും കേട്ടിരിക്കണമെന്നില്ല, ചെറിയ ബന്ധമല്ല വളരെ അടുത്ത ബന്ധമുണ്ട് എന്റെ നാടിന് മുച്ചിലോട്ടമ്മയുമായിട്ട്. അത് ഇങ്ങനെയാണ്,

ഇന്നത്തെ തളിപ്പറമ്പ് പ്രദേശം പെരിഞ്ചെല്ലൂർ എന്നറിയപ്പെടുന്ന കാലം. അന്നാട്ടിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രായം കൊണ്ടും സ്ഥാനം കൊണ്ടും പ്രഗല്ഭ്യം കൊണ്ടും അവളെക്കാൾ മുതിർന്ന പലയാളുകളേയും അവളുടെ അറിവ് കൊണ്ട് തോൽപ്പിക്കുന്നു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ വച്ച് പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ച ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ച ആൺ പ്രഭു കൂട്ടം അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് നാട്ടിൽ നിന്നും പുറത്താക്കി ഊര് വിലക്കേർപ്പെടുത്തുന്നു. അപമാനിതയായ അവൾ പെരിഞ്ചെല്ലൂരിൽ നിന്ന് വടക്കോട്ട് നടന്ന് കരിവെള്ളൂരിലെത്തുന്നു. കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം പറഞ്ഞ് മനമുരുകി കരഞ്ഞു പ്രാർത്ഥിക്കുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാൻ കരിവെള്ളൂരിൽ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ അങ്ങനെ ആ കന്യക തീരുമാനിക്കുന്നു. അന്നേരം എണ്ണയുമായി ആ വഴി പോയ വാണിയ സമുദായത്തിൽ പെട്ട മുച്ചിലോടനോട് തീയിലേക്ക് അദ്ദേഹത്തിൻ്റെ കയ്യിലുണ്ടായിരുന്ന എണ്ണ ഒഴിക്കുവാൻ അവൾ ആവശ്യപ്പെടുന്നു. അവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിക്കുകയും അഗ്നിപ്രവേശം ചെയ്ത് യുവതി തന്റെ ആത്മപരിശുദ്ധി തെളിയിക്കുകയും ചെയ്യുന്നു.

ആത്മാഹുതി ചെയ്ത ഈ കന്യകയാണ് പിനീട് കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ മുച്ചിലോട്ട് ഭഗവതിയായി മാറിയാതെന്നാണ് ഐതീഹ്യം. ദേവിക്ക് എണ്ണ നൽകിയ വാണിയ സമുദായക്കാരൻ മുച്ചിലോടൻ ദേവിയെ മുച്ചിലോട്ട് ഭാഗവതിയെന്ന പേര് നൽകി തൻ്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങിയെന്നും പറയപ്പെടുന്നു.

ഇത് വരെ പറഞ്ഞത് വിശ്വാസം, ഇനി ചില വസ്തുതകൾ പറയാം. മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ അത്യാവശ്യം പ്രസിദ്ധമായ കരിവെള്ളൂരിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. നീണ്ട വർഷങ്ങളുടെ ഇടവേളകളിൽ മാത്രമേ അവിടെ തെയ്യം കെട്ടി ആടാറുള്ളൂ. എന്നാൽ ദൈവീകമായി ഇത്തരത്തിലൊരു ചരിത്രമുള്ള ക്ഷേത്രത്തിൽ പോലും കൃത്യമായി ജാതിവിലക്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?

സത്യമാണ്. ഈ ക്ഷേത്രത്തിന്റെ ഭാഗമായി നിൽക്കുന്ന വാണിയ സമുദായക്കാരായ ആളുകൾ മറ്റ് ജാതി മത വിഭാഗത്തിൽ പെട്ട മനുഷ്യരെ വിവാഹം ചെയ്താൽ ക്ഷേത്രം അവരെ കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തും. വർഷത്തിൽ ഒരു തവണയോ കളിയാട്ടത്തിന് മുന്നോടിയായോ വീടുകളിൽ ചെല്ലുന്ന എഴുന്നള്ളത്ത് ഇത്തരക്കാരുടെ വീടുകളിൽ ചെല്ലില്ല. മരിച്ചാൽ ശരീരം പോലും സമുദായ ശ്മശാനത്തിൽ അടക്കം ചെയ്യില്ല. കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഒട്ടനവധി വാണിയ കുടുംബങ്ങളുണ്ട്. ഇവരുടെയെല്ലാം വീടുകളിൽ ഈ എഴുന്നള്ളത്ത് സംഘം പോകേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ ഓരോ നാട്ടിലും എഴുന്നള്ളത്ത് സംഘത്തിന് വഴികാണിക്കാൻ ഇതേ സമുദായത്തിൽപ്പെട്ട ഒരാളെ ഏർപ്പാടാക്കും. ഇവരാണ് സംഘത്തിന് നിർദേശങ്ങൾ നൽകുന്നത്. അതായത്, ഇന്ന വീട്ടിൽ മറ്റൊരു ജാതിക്കാരി/ ജാതിക്കാരൻ ഉണ്ട് അങ്ങോട്ട് കയറേണ്ട എന്ന നിർദേശം ഇദ്ദേഹമാണ് പറയുന്നത്. അഥവാ മറ്റ് ജാതി മതസ്ഥർ ഉണ്ടോ എന്ന് അറിയാനാണ് ഇങ്ങനൊരാളെ ഏർപ്പാടാക്കുന്നത് തന്നെ. വാണിയനേക്കാൾ താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്തവരോട് മാത്രമല്ല ഈ ടൈപ്പ് വിവേചനം. ഏറ്റവും ഉയർന്ന ജാതിയായി കരുതപ്പെടുന്ന ബ്രാഹ്മണ, നായർ വിഭാഗങ്ങളെ വിവാഹം ചെയ്ത ആളുകൾക്ക് പോലും ഈ പ്രശ്നം അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്നാൽ വളരെ കൃത്യമായി ക്ഷേത്രത്തിന് പുറത്ത് വച്ച്, അതിപ്പോ റോഡിൽ വച്ച് നൽകിയാൽ പോലും ഇതേ എഴുന്നള്ളത്തുകാർ കാശ് വാങ്ങി അനുഗ്രഹം നൽകും. പണത്തിന് മേലെ പരുന്തും പറക്കില്ലെന്നാണല്ലോ…

എങ്ങനെ ആണ് ആളുകളെ വിലക്കുന്നത് എന്നതിനെ കുറിച്ച് പറയാം, വാണിയ സമുദായത്തിൽ പെട്ട ഒരു സ്ത്രീയാണ് മറ്റൊരു ജാതിയിലോ മതത്തിലോ പെടുന്ന മനുഷ്യനെ വിവാഹം ചെയ്യുന്നത് എങ്കിൽ ഇവർക്ക് ക്ഷേത്രത്തിൽ നിന്ന് മരണം വരെ വിലക്ക് ഏർപ്പെടുത്തുന്നു. അതേസമയം, ഇത്തരത്തിൽ മിശ്രവിവാഹം ചെയ്യുന്നത് പുരുഷനാണെങ്കിൽ അദ്ദേഹം കുടുംബവീട്ടിൽ തന്നെ ആണ് ഭാര്യയോടൊപ്പം താമസമെങ്കിൽ അവരെ കുടുംബത്തോടെ വിലക്കുകയും, കുടുംബ വീട്ടിൽ നിന്ന് മാറി സ്വന്തമായി വീടെടുത്തോ വാടകയ്ക്കോ ആണ് താമസമെങ്കിൽ അവർക്കും ഭാര്യയ്ക്കും മക്കൾക്കും മാത്രമേ വിലക്ക് ഉള്ളൂ. കുടുംബത്തിലുള്ള മറ്റുള്ളവർ സേഫ്. കൂട്ടത്തിൽ നേരത്തെ എഴുതിയ പൂരം ചടങ്ങുകൾ, കൂട്ടായി നൽകൽ, ക്ഷേത്ര പിരിവെടുക്കൽ തുടങ്ങിയവയ്ക്കുള്ള വിലക്കുകൾ വേറെ. ശരീരം പോലും സമുദായ ശ്മശാനത്തിൽ അടക്കം ചെയ്യാൻ സമ്മതിക്കില്ല എന്നാണെങ്കിൽ പിന്നെ ബാക്കി കാര്യങ്ങൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

ഏഴ്‌ വർഷം മുൻപ് വിവാഹം കഴിഞ്ഞ ഒരു സുഹൃത്തിന് ഇത് വരെ തന്റെ സ്വന്തം വീട്ടിൽ പോകാൻ സാധിച്ചിട്ടില്ല എന്നത് ഇവിടെ ആണ് പ്രസക്തമാകുന്നത്. വീട്ടിലുള്ളവരുമായി സംസാരിക്കാറുണ്ടെങ്കിലും സാമൂഹ്യമായി നിലനിൽക്കുന്ന ഈ സാഹചര്യം ഒന്ന് കൊണ്ട് മാത്രം ആ കുടുംബം സുഹൃത്തിനെയും കുട്ടിയേയും വർഷങ്ങളായി മാറ്റി നിർത്തി വരികയാണ്. കാരണം വളരെ സിംപിൾ ആണ്, അവരെ അംഗീകരിച്ചു വീട്ടിൽ കയറ്റിയാൽ ഈ കുടുംബത്തെ ക്ഷേത്രം പുറത്താക്കും. അത് ഭയന്നിട്ട് മാത്രം വീട്ടുകാർ അവരെ വീട്ടിലേക്ക് വിളിക്കുന്നില്ല. ഇവരുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇങ്ങനെ എത്രയോപേരെ നമുക്കിവിടെ കാണാം. അവരിത് പരസ്യമായി സമ്മതിക്കുമോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല. അതിനുള്ള കാരണങ്ങൾ ഞാൻ ഇത്രയും നേരം പറഞ്ഞതൊക്കെ തന്നെയാണ്. പേടി ഒരു ഭീകര പ്രശ്നമാണ്. പ്രത്യേകിച്ച് വിശ്വാസികളായ ഒരു സമൂഹത്തിന്. നിലനിൽപ്പും ഒറ്റപ്പെടലുമാണ് മറ്റൊരു വിഷയം. ഇതിനെ ഒക്കെ ഭയക്കുന്നത് കൊണ്ടാണ് ഇതിനെ കുറിച്ചൊന്നും പരസ്യമായി സംസാരിക്കാൻ പലരും മടിക്കുന്നത്.

കോമഡി ആയിട്ട് തോന്നുമെങ്കിലും ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ക്ഷേത്രം വക ഒരു പുസ്തകത്തിൽ കേട്ട് കേൾവി ഇല്ലാത്ത ചില ഉത്തരേന്ത്യൻ ജാതികളുടെ പേരുകൾ എഴുതി കാണിച്ചിട്ട് അവിടത്തെ ഈ ജാതികൾ ഒക്കെയും ഇവിടത്തെ വാണിയർ ആണ് എന്ന് പരാമർശിച്ചത് ശ്രദ്ദിക്കുന്നു. ഇതിനെ ചുറ്റിപ്പറ്റി ചെറിയ രീതിയിൽ നടത്തിയ അന്വേഷണത്തിൽ നിന്ന് ഇവിടുള്ള വാണിയ സമുദായത്തിൽ തന്നെ ഉൾപ്പെടുന്ന അത്യാവശ്യം പ്രിവിലേജ്ഡ് ആയിട്ടുള്ളതും, സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നതുമായ ആളുകൾ കേരളത്തിന് പുറത്തു നിന്ന് വിവാഹം ചെയ്ത ആളുകളുടെ ജാതി ആണ് ഇതൊക്കെ എന്നാണ് മനസ്സിലാക്കിയത്. അതായത് സമ്പത്തും പ്രിവിലേജും ഉള്ള ആളുകൾ മറ്റ് ജാതിക്കാരെ വിവാഹം ചെയ്താൽ പ്രത്യേകിച്ച് പുറത്തു നിന്നുമുള്ള ആളുകളെ ആണ് വിവാഹം ചെയ്യുന്നതെങ്കിൽ അവരേത് ജാതി ആയാലും നമ്മടെ കൂടെ കൂടേണ്ടവരാണ്, അവരുടെ നാട്ടിൽ നമ്മുടെ ജാതിക്ക് വേറെ പേര് ആണ് എന്നങ്ങു പറഞ്ഞു കളയും. ആരും ചോദിക്കാനും പറയാനുമില്ലാത്ത പാവപ്പെട്ടവന്റെ അടുത്തു പിന്നെ എന്തും ആകലോ എന്നതാണ് ലൈൻ.

എന്നാൽ കളിയാട്ട ദിവസങ്ങളിൽ തെയ്യം കാണാൻ പോകുന്നതിന് ഈ വിലക്കുകൾ ഒന്നും ആർക്കും ബാധകമല്ല. കാരണം കളിയാട്ടത്തിന് ലക്ഷക്കണക്കിന് ആളുകൾ വന്നും പോയുമിരിക്കുക എന്നത് ഒരു ക്ഷേത്രത്തെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനമാണ്. കളിയാട്ടമാണല്ലോ ഓരോ ക്ഷേത്രത്തിലേക്കും സാമ്പത്തികം എത്തിക്കുന്ന വഴി. അത് കൊണ്ട് തന്നെ അപ്പോൾ വിലക്കില്ല. ആർക്കും. എന്നാൽ കളിയാട്ടം ചടങ്ങുകൾ എല്ലാം കഴിഞ്ഞാൽ ക്ഷേത്രക്കാർ മാത്രം ചേർന്ന് ക്ഷേത്രം ശുദ്ധിയാക്കി നടയടക്കുക എന്നത് മറ്റൊരു ചടങ്ങാണ്. ഇതിന്റെ ഉദ്ദേശം തന്നെ അന്യ ജാതിക്കാരും ചിലപ്പോൾ മതക്കാരുപോലും കളിയാട്ട വേളയിൽ അകത്തു കയറിയിരിക്കാം എന്നതും അതിന്റെ ദോഷം മാറ്റുക എന്നതുമാണ്. ശുദ്ധി വരുത്തി നടയടച്ചാൽ പിന്നെ സർവ്വം ശുഭം.

തീർന്നില്ല, മത സൗഹാർദ്ദത്തിൻ്റെ വേറിട്ട മുഖമാണല്ലോ എല്ലാ കാലത്തും മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ കളിയാട്ടക്കാലം. അതിന് പിന്നിലുമുണ്ട് മറ്റൊരു കെട്ട കഥ. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വിപുലവും വിശദവുമായ ആഘോഷമായ ഓരോ കളിയാട്ടത്തിലും എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് അന്നദാനം നടത്തുന്ന ചടങ്ങുണ്ട്. ഇതിന് എല്ലാ ജാതിയിൽപ്പെട്ട നാട്ടുകാരും പങ്കാളിയായ വളരെ വലിയൊരു ഭക്ഷണ കമ്മിറ്റി ഉണ്ടാക്കും. കറിക്കരിയുന്നത് മുതൽ അടുപ്പിൽ നിന്ന് ചെമ്പിറക്കും വരെ ഇവരൊക്കെ കലവറയിൽ രാവും പകലും പ്രവർത്തിക്കും. പക്ഷെ ഭക്ഷണം വിളമ്പാൻ ഒരൊറ്റ അന്യ ജാതിക്കാനെ അടുപ്പിക്കില്ല കമ്മിറ്റിക്കാർ. വിളമ്പുകാർ ഒക്കെയും വാണിയനാണെന്ന് ഉറപ്പിക്കുന്നതിന് വേണ്ടി മാത്രം ചുമതലപ്പെടുത്തുന്ന മേൽനോട്ടക്കാരൻ പോലും ഇവിടെയുണ്ട്. സാമ്പത്തികമായി സംഭാവന വാങ്ങുന്ന കാര്യത്തിലൊന്നും പക്ഷെ ഇത്തരം ഒരു വേർതിരിവും കാണിക്കില്ല കേട്ടോ.

ഏറ്റവും സങ്കടകരമായ ഒരു കാര്യം, അറിവിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുകയും, ഊരു വിലക്കി നാടുകടത്തപ്പെടുകയും, കരിവെള്ളൂരിൽ അഭയം തേടുകയും, അഗ്നിശുദ്ധി വരുത്തുകയും, കരിവെള്ളൂരപ്പന്റെ അനുഗ്രഹത്താൽ ദേവിയായി മാറുകയും ചെയ്തെന്ന് വിശ്വസിക്കുന്ന ദേവിയുള്ള ക്ഷേത്രത്തിൽ തന്നെ ആണ് മനുഷ്യരെ ജാതിപറഞ്ഞു വിലക്കുന്നത് എന്നതാണ്. ഈ അതിക്രമങ്ങളും അനീതികളുമൊക്കെ ചെയ്യുന്നത് വ്യക്തികൾ അടങ്ങുന്ന കമ്മിറ്റികളോ ക്ഷേത്രത്തിനകത്തെ കർമ്മങ്ങൾ ചെയ്യുന്ന അന്തിതിരിയന്മാർ അടങ്ങുന്ന സംഘമോ ആയാൽ പോലും അത് കളങ്കപ്പെടുത്തുന്നത് ഒരു നാടിനെ തന്നെയാണ്. വേദനിപ്പിക്കുന്നത് ഇന്നാട്ടിലെ മനുഷ്യരെ തന്നെയാണ്.

തുടരും…

Story Highlights: Caste issues in Karivellur- Part Three

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top