ഹൈക്കമാൻഡ് തീരുമാനം വരാതെ പ്രതികരണത്തിനില്ലെന്ന് ശ്രീനിവാസൻ കൃഷ്‍ണൻ

രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ പ്രതികരിക്കാനില്ലെന്ന് ശ്രീനിവാസൻ കൃഷ്‍ണൻ ട്വന്റിഫോറിനോട് പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം പുറത്ത് വന്ന ശേഷം മാത്രമേ തന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉടൻ പ്രതികരിക്കാനില്ലെന്ന് ശ്രീനിവാസൻ കൃഷ്‍ണൻ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരിഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്.
Read Also : രാജ്യസഭാ സീറ്റ്; ശ്രീനിവാസൻ കൃഷ്ണന്റെ പേര് തള്ളി സോണിയ ഗാന്ധി
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളിൽ ആരോപണ വിധേയനാണ് ശ്രീനിവാസൻ കൃഷ്ണൻ. പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതൽ ശ്രീനിവാസൻ കൃഷ്ണൻ എഐസിസി ഭാരവാഹിയായി പ്രവർത്തിക്കുകയാണ്.
എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെ സുധാകരന്‍ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനിരിക്കുകയാണ്.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്.
Story Highlights: Srinivasan Krishnan said there was no response without a decision from the High Command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here