വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയായി കേരളം…

മാറ്റങ്ങളിലൂടെ, മുന്നേറ്റങ്ങളിലൂടെ മാറുന്ന കേരളത്തിന് കാഴ്ചക്കാരാവുകയാണ് നമ്മൾ. വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയാകുകയാണ് കേരളം. ഇടുക്കി നെടുങ്കണ്ടം സ്വദേശി രശ്മിയും എറണാകുളം ഇരുമ്പനം സ്വദേശി സാജുവുമാണ് വിവാഹിതരായത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ഇരുവരും കുടുംബജീവിതത്തിൽ ഒന്നിക്കുന്നത്.
നീണ്ട രണ്ടു വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സ്റ്റാർ മേക്കർ എന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം സൗഹൃദമാകുകയും പിന്നീട് പ്രണയം തുറന്നു പറയുകയുമായിരുന്നുവെന്ന് ഇരുവരും ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.
തുടക്കത്തിൽ വീട്ടുകാരെ പറഞ്ഞുമനസിലാക്കാൻ സമയമെടുത്തെങ്കിലും പിന്നീട് തങ്ങളുടെ ഇഷ്ടം മനസിലാക്കി അവരും കൂടെ നിൽക്കുകയായിരുന്നു. എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇരുവരും വിവാഹവേദിയിൽ എത്തിയത്. സാജു വെൽഡിങ് തൊഴിലാളിയും രശ്മി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ ഹോസ്റ്റലിൽ മാനേജരായി ജോലി ചെയ്തുവരുന്നു. കുടുംബാംഗങ്ങളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.
ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിൻ്റെ നിലപാടുകൾ ഒട്ടേറെ മാറിയെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇത്തരം കാഴ്ചകളും ചേർത്തുനിർത്തലുകളും സാധാരണമാകുന്ന, സമൂഹത്തിൽ എല്ലാവരും തുല്യരാവുന്ന ദിവസത്തിനായി നമുക്ക് കാത്തിരിക്കാം.
Story Highlights: transgender marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here