സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം: സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കാനില്ലെന്ന് ഗവര്‍ണര്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എങ്കിലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്ന നിലയ്ക്ക് സര്‍ക്കാരിന് ജനങ്ങളുടെ വികാരങ്ങള്‍ കണ്ടില്ലെന്ന് നടക്കാനാകില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. കൃത്യസമയത്ത് അനുയോജ്യമായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മാധ്യമങ്ങളെ കാണവേ ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീകളെ പ്രതിഷേധസ്ഥലത്തുനിന്നും പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിലുള്ള വിയോജിപ്പ് ഗവര്‍ണര്‍ രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് പ്രത്യേകം ബഹുമാനം നല്‍കേണ്ടതാണെന്ന് പൊലീസ് മനസിലാക്കണം. പുരുഷന്മാരേയും ബലം പ്രയോഗിച്ച് വലിച്ചുനീക്കുന്നത് ശരിയല്ലെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം. കല്ലായിയില്‍ സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയത് മുന്‍കൂട്ടി അറിയിക്കാതെയാണെന്ന് ആരോപിചച് കല്ലായിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കല്ലായിയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതിനിടെ കൊച്ചി മാമലയില്‍ സര്‍വേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി.
അതേസമയം ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.
Story Highlights: governor arif muhammed khan reaction anti silver line protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here