‘മാടപ്പള്ളിയില്‍ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനം’; കുട്ടികളോട് പോലും പൊലീസ് ക്രൂരത കാണിച്ചെന്ന് വി ഡി സതീശന്‍

മാടപ്പളളിയില്‍ ഇന്നലെ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകളോടും കുട്ടികളോടും പൊലീസ് ദയ കാണിച്ചില്ലെന്നും ജനകീയ സമരത്തെ അടിച്ചമര്‍ത്താനായി എന്ത് ക്രൂരത കാണിക്കാനും മടിയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരായി ഇന്നലെ കടുത്ത പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരി മാടപ്പളളി സന്ദര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നും മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പൊലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇന്നലെ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read Also : ഇന്നത്തെ പ്രധാനവാർത്തകൾ (18-03-22)
പ്രതിപക്ഷനേതാവിനൊപ്പം രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവരും മാടപ്പള്ളിയിലെത്തിയിട്ടുണ്ട്. നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയില്‍ സ്ഥാപിച്ച സില്‍വര്‍ലൈന്‍ സര്‍വേക്കല്ലുകള്‍ രാവിലെ പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.
കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പിയാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്ന പ്രതിഷേധത്തിനിടെ ഇന്നലെ സമരക്കാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: vd satheesan in madappally anti silver line protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here