ഇന്നത്തെ പ്രധാനവാർത്തകൾ (18-03-22)

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.
ചങ്ങനാശേരിയില്‍ ഇന്ന് ബിജെപി- കോണ്‍ഗ്രസ് ഹര്‍ത്താല്‍
ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍.
മാടപ്പള്ളിയിലെ പൊലീസ് നടപടി; നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം
മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ യു ഡി എഫ് പ്രതിഷേധം. യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീ വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവയ്ക്കുന്നതായി സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; നാലംഗ സംഘത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്
മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പ്. അനുവാദമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പ്രവേശിച്ചതിനാണ് കേസ്. രണ്ട് റിട്ടയേഡ് എസ്പിമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിൽ ആണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്.
അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ വേനൽ മഴ തുടരും
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി (Asani) എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം നാളെയോടെ (മാർച്ച് 19) തെക്കൻ ആൻഡാമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്തേക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ അറിയിച്ചു. അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനം കൈക്കൊള്ളും. നടൻ ദിലീപിന്റെ ഫോണിലെ ഡേറ്റ നശിപ്പിക്കാൻ ഉപയോഗിച്ച ഐമാക് കമ്പ്യൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശക് പറ്റിയെന്ന് ഇ. ശ്രീധരൻ
കൊച്ചി മെട്രോ പാളത്തിന്റെ ചരിവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ പ്രതികരണവുമായെത്തി. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്.
വൺ .. ടൂ .. ത്രീ യിൽ എം എം മണിക്ക് ആശ്വാസം ; അഞ്ചേരി ബേബി വധക്കേസിൽ കുറ്റവിമുക്തൻ
ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയെ കുറ്റവിമുക്തനാക്കി. എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.
ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനം തെരുവിൽ
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുന്നു. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയാത്ത നിലയിലാണ് രാജ്യം. വിദേശനാണ്യം ഏതാണ്ട് പൂർണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു.
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്: തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം
കൊച്ചി മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തൽ.ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ചകണ്ടെത്തിയത്.
Story Highlights: Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here