ഇ.എം.എസ് ഓര്‍മയായിട്ട് 24 വർഷം

മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 24 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിര്‍ണയിച്ച ഭരണകര്‍ത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ പകരംവക്കാനാകാത്ത വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.എം.എസ്.
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് അടിയുറച്ച് വിശ്വസിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍. ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന് ജീവിതവും തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനമാണ്.
1957ല്‍ ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാരിനെ നയിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാട്. അധികാരത്തിലേറി ഒരാഴ്ചക്കകം ഭൂപരിഷ്‌കരണ നിയമം പാസാക്കി. ഇതിനോടൊപ്പം പാസാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്‌കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം 1959ല്‍ ഉണ്ടായ വിമോചനസമരം ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലാണ് അവസാനിച്ചത്. 1967-ല്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. സപ്തകക്ഷി മുന്നണിയെ നയിച്ചു. മുന്നണിഭരണ സമവാക്യങ്ങള്‍ ആദ്യമായി വിജയകരമായി പ്രയോഗിക്കപ്പെട്ടു.
കേരളത്തിന്റെ ഭാവിയെത്തന്നെ നിര്‍ണയിച്ച ദീര്‍ഘവീക്ഷണമുള്ള ഒട്ടേറെ നടപടികള്‍ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കി. പിന്നീട് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെയും കേരള മോഡല്‍ എന്ന കാഴ്ചപ്പാടിന്റെയും അടിത്തറ വിപ്ലവകരമായ ഈ ഭരണ നടപടികളാണ്. ഏത് രാഷ്ട്രീയ സാഹചര്യത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കാനുള്ള കൗശലവും ധിഷണാശക്തിയും ഒരുപോലെ പ്രകടിപ്പിച്ചു ഇ.എം.എസ് ആറ് തവണ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ് രണ്ട് തവണ മുഖ്യമന്ത്രിയും ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവുമായിരുന്നു.
‘മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ’ പത്രാധിപര്‍, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച ഇ.എം.എസ് നൂറിലധികം പുസ്തകങ്ങള്‍ എഴുതി. ഇ.എം.എസിന്റെ വിയോഗമുണ്ടാക്കിയ ശൂന്യത ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഇപ്പോഴും പ്രകടമാണ്. പ്രത്യേകിച്ചും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍.
Story Highlights: 24 years to the memory of EMS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here