ഡോഡോ ഭൂമിയിലേക്ക് തിരിച്ച് വരുമോ; നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം, പുനർജനിയ്ക്കായുള്ള കാത്തിരിപ്പിൽ ശാസ്ത്രലോകം

ആലിസ് അഡ്‌വെഞ്ചർസ് ഇൻ വണ്ടർലാൻഡ് എന്ന ഹോളിവുഡ് സിനിമയിലൂടെയെല്ലാം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ മനസിലേയ്‌ക്ക് കുടിയേറി പാർത്ത സുന്ദരൻ പക്ഷി. ഒരു കാലത്ത് നമ്മുടെ ഭൂമിയിൽ പറക്കാൻ കഴിയാത്ത ഭീമൻ പക്ഷി. ഡോഡോ എന്ന പക്ഷിയെക്കുറിച്ച് കേൾക്കാത്തവർ അപൂർവായിരിക്കും.
നൂറ്റാണ്ടുകൾക്ക് മുൻപ് മൺമറഞ്ഞുപോയ ഡോഡോ തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിരവധി പക്ഷിനിരീക്ഷകരും ചരിത്രകാരന്മാരുമുണ്ട് നമുക്ക് ചുറ്റും. അവർക്ക് പ്രതീക്ഷയേകുകയാണ് ശാസ്ത്രലോകം. നിരന്തരമായ പരിശ്രമത്തിനൊടുവിൽ ഡോഡോയുടെ ജീനോം പൂർണമായും ക്രമീകരിക്കാനായതാണ് ഡോഡോയുടെ പുനർജനിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നത്.
വർഷങ്ങളായി ഡോഡോയുടെ കേടുപാട് സംഭവിക്കാത്ത ഡിഎൻഎ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രലോകം. അവസാനം ഡെൻമാർക്കിൽ നിന്ന് ലഭിച്ച ഒരു ഫോസിലിൽ നിന്ന് ഡിഎൻഎ സാമ്പിൾ കണ്ടെത്താനായി. ഇതിന്റെ ക്രമീകരണമാണ് ശാസ്ത്രജ്ഞർ അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയത്.
ഭാവിയിൽ ഡോഡോയുടെ ഡിഎൻഎ അടങ്ങിയ കോശത്തെ ലബോറട്ടറി അന്തരീക്ഷത്തിൽ ജീൻ എഡിറ്റിങ്ങിന് വിധേയമാക്കാം. തുടർന്ന് ആ കോശത്തിൽ നിന്ന് ഡോഡോയെ സൃഷ്ടിക്കാം എന്നാണ് ശാസ്ത്രജ്ഞർ കണക്കു കൂട്ടുന്നത്. വർഷങ്ങൾക്ക് മുൻപ് ക്ലോണിങ്ങിലൂടെ ചെമ്മരിയാടായ ഡോളിയെ സൃഷ്ടിച്ച അതേ രീതി പ്രയോഗിക്കാമെന്നാണ് ചില ശാസ്ത്രജ്ഞരുടെ പക്ഷം.
എന്നാൽ പക്ഷികളിൽ ക്ലോണിംഗ് പ്രാവർത്തികമാകുമോ എന്ന ചോദ്യത്തിനും ഇത് വരെ ഉത്തരം കണ്ടു പിടിച്ചിട്ടില്ല. ജനിതകപരമായി ഇന്നത്തെ നിക്കോബാർ പ്രാവുകളുമായാണ് ഡോഡോയ്‌ക്ക് സാമ്യം. ഡോഡോ പക്ഷികളെ തിരികെ എത്തിക്കാൻ നിക്കോബാർ പ്രാവുകളുടെ ഡിഎൻഎ എഡിറ്റ് ചെയ്ത് ഡോഡോ ഡിഎൻഎ ഉൾപ്പെടുത്താനാവുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്തായാലും ഭാവിയിൽ ഡോഡോയുടെ ഈ ക്രമീകരിച്ച ഡിഎൻഎ ഡോഡോ എന്ന പക്ഷിവർഗത്തിന്റെ തന്നെ പുനർജന്മത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. അതിനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം.
മൗറീഷ്യസ് ദ്വീപിലാണ് ആദ്യമായി ഡോഡോയെ കണ്ടെത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പര്യവേഷണങ്ങൾ നടത്തിയിരുന്ന നാവികർ മൗറീഷ്യസിൽ എത്തിയതോടെയാണ് ഡോഡോയുടെ മേൽ കരിനിഴൽ വീണത്. നാവികരുടെ വളർത്തു മൃഗങ്ങൾ ഡോഡോയെ ആഹാരമാക്കാൻ തുടങ്ങി. കൂടാതെ മനുഷ്യരുടെ വ്യാപക വേട്ടയാടലുകളും ഡോഡോയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റി. അങ്ങനെ 17 ാം നൂറ്റാണ്ടിൽ ഡോഡോ കഥകളിലും ചിത്രങ്ങളിലുമായി ഒതുങ്ങുകയായിരുന്നു.
Story Highlights: Dodo DNA discovery could lead to revival of extinct bird
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here