സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന് സി.പി.ഐ

കെ റെയിലിൽ സർക്കാർ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന ആവശ്യവുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. പദ്ധതിക്ക് പാർട്ടി എതിരല്ല. ആദ്യം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയാണ് വേണ്ടത്. എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിഷേധങ്ങളെ പ്രതിരോധിക്കണം എന്ന് മുന്നണി വ്യക്തമാക്കിയതിന് പിന്നാലെയാണ് വേറിട്ട നിലപാടുമായി സി.പി.ഐ രംഗത്തെത്തിയത്. ( Silver Line protests not be suppressed CPI )
സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം.
Read Also : മലപ്പുറം തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കെതിരെ പ്രക്ഷോഭം
കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇവിടം സന്ദർശിച്ചിരുന്നു.
സിൽവർ ലൈൻ പദ്ധതിയിൽ ഭൂഗർഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെയാണ് നടപടികൾ താൽക്കാലികമായി നിർത്തിവെയ്ച്ചത്.
Story Highlights: Silver Line protests not be suppressed CPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here