റഷ്യൻ അധിനിവേശത്തിന്റെ 27-ാം ദിനം; കീഴടങ്ങാതെ യുക്രൈൻ

റഷ്യൻ അധിനിവേശത്തിന്റെ 27-ാം ദിനത്തിലും ധീരമായ ചെറുത്തുനിൽപ്പ് തുടരുകയാണ് യുക്രൈൻ. കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനം യുക്രൈൻ തള്ളി. രാജ്യം യുദ്ധത്തെ അതിജീവിക്കുന്നതിന്റെ വക്കിലാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അറിയിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയുമായി സംസാരിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെന്നും സെലൻസ്കി വ്യക്തമാക്കി.
യുക്രൈനിലെ പ്രധാന നഗരങ്ങളിൽ റഷ്യൻ സേന ശക്തമായ ആക്രമണം തുടരുകയാണ്. കിഴക്കൻ യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ 62 ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുദ്ധം തുടങ്ങി ഇതുവരെ ഹർക്കീവിൽ 1000 കെട്ടിടങ്ങളാണ് നിലം പൊത്തിയത്.
ഫെബ്രുവരി 24 മുതൽ ഇന്ന് വരെ റഷ്യൻ ആക്രമണത്തിൽ 117 കുട്ടികൾ കൊല്ലപ്പെട്ടതായും 155 കുട്ടികൾക്ക് പരുക്കേറ്റതായും യുക്രൈൻ പ്രോസിക്രൂട്ടർ ജനറൽ ഓഫീസ് അറിയിച്ചു. റഷ്യൻ സേനയിൽ നിന്ന് മക്കാരീവ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചതായി യുക്രൈൻ പ്രസിഡന്റ് അവകാശപ്പെട്ടു. തുടർച്ചയായ ആക്രമണത്തെ തുടർന്ന് മക്കാരീവ് നഗരം പൂർണമായും തകർന്ന നിലയിലാണ്.
Read Also : ‘റഷ്യൻ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു’: വീഡിയോ പങ്കുവച്ച് കീവ് മേയർ
അധിനിവേശം തുടരുന്നതിനിടെ യുക്രൈനില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘റഷ്യക്കെതിരെയായി കൂടുതല്‍ ലോകരാജ്യങ്ങള്‍ ഉപരോധമടക്കം ഏര്‍പ്പെടുത്തി പ്രതികരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ഈ ഐക്യമോ ശക്തിയോ റഷ്യ പ്രതീക്ഷിച്ചുകാണില്ല. പക്ഷേ ഈ സാഹചര്യത്തില്‍ അവര്‍ പ്രയോഗിക്കാവുന്ന തന്ത്രങ്ങള്‍ വീണ്ടും ഗൗരവതരമാകും’. യുക്രൈനും സഖ്യകക്ഷികള്‍ക്കും അമേരിക്ക നല്‍കിയ സഹായങ്ങളെക്കുറിച്ചും ബൈഡന്‍ വിവരിച്ചു.
യുക്രൈനില്‍ രാസായുധങ്ങളുണ്ടെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടുള്ള അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധിനിവേശം തുടങ്ങിയതിന് ശേഷം 2 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
Story Highlights: 27th day of Russian occupation in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here