Advertisement

അലക്‌സി നവല്‍നി തട്ടിപ്പ് കേസില്‍ കുറ്റക്കാരനെന്ന് കോടതി; ഒന്‍പത് വര്‍ഷം കൂടി തടവ്

March 22, 2022
2 minutes Read

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രധാന വിമര്‍ശകനായ അലക്‌സി നവല്‍നിയെ തട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി റഷ്യന്‍ കോടതി. ജയിലില്‍ തുടരുന്ന നവല്‍നിയുടെ ശിക്ഷാ കാലവധി ഒന്‍പത് വര്‍ഷം കൂടി നീട്ടി. അതീവ സുരക്ഷയുള്ള പീനല്‍ കോളനിയിലാകും നവല്‍നി ശിക്ഷ അനുഭവിക്കേണ്ടി വരിക. അഴിമതി വിരുദ്ധ ഫൗണ്ടേഷനായി ലഭിച്ച സംഭാവനയില്‍ നിന്നും 4.7 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നവല്‍നി നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. (navalny jailed nine more years)

കിഴക്കന്‍ മോസ്‌ക്കോയിലെ ജയിലില്‍ പരോള്‍ ലംഘനത്തിന് ഉള്‍പ്പെടെ നവല്‍നി ശിക്ഷ അനുഭവിക്കുയാണ്. 13 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് നവല്‍നിക്കെതിരായി പുതിയതായി ചുമത്തിയിരിക്കുന്നത്. എന്നാല്‍ പുതിയതായി ചുമത്തിയ കുറ്റമുള്‍പ്പെടെ ക്രെംലിന്‍ മനപൂര്‍വം കെട്ടിച്ചമച്ചതാണെന്നാണ് നവല്‍നിയെ പിന്തുണയ്ക്കുന്നവരുടെ വാദം. കോടതി വിധിക്കെതിരെ ഇവര്‍ പ്രതിഷേധം തുടരുകയാണ്.

Read Also : വില കൂടി, സ്റ്റോക്കില്ല; പഞ്ചസാരക്കായി പിടിവലി കൂടി റഷ്യക്കാർ

മോസ്‌കോയില്‍ നിന്ന് കിഴക്കായി വ്ലാഡിമറിലെ പീനല്‍ കോളനിക്കുള്ളിലാണ് നവല്‍നിയുടെ കുറ്റവിചാരണ നടന്നത്. 2020ലെ വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ നവല്‍നി നിലവില്‍ തട്ടിപ്പ് കേസില്‍ മൂന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. നവല്‍നിയെ പിന്തുണയ്ക്കുന്നവരില്‍ നിന്നും പത്രപ്രവര്‍ത്തകരില്‍ നിന്നും നവല്‍നിയെ പരമാവധി മറച്ചുകൊണ്ടാണ് കുറ്റവിചാരണ നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. മോസ്‌കോയില്‍ നിന്നും വളരെ അകലെ മാറി വിചാരണ നടത്തുന്നത് എന്തിനെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നി ആവശ്യപ്പെട്ടിരുന്നു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് വീണ്ടും നവല്‍നിയെ ഭരണകൂടം വേട്ടയാടുന്നതെന്ന് നവല്‍നി അനുകൂലികള്‍ ആരോപിച്ചു. വിഷബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നവല്‍നിയെക്കുറിച്ച് അടുത്തിടെയിറങ്ങിയ ഒരു ഡോക്യുമെന്റി ചിത്രം വലിയ ചര്‍ച്ചയായിരുന്നു. നവല്‍നി എന്ന് പേരിട്ടിരിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഫിലിംഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് ചര്‍ച്ചയാകുന്നത്.

Story Highlights: navalny jailed nine more years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top