സിൽവർലൈൻ : പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം; നന്ദി അറിയിച്ചു മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകര- മായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ( cm about pm meeting about silverline )
ഇന്ന് രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഒദ്യോഗികമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പക്ഷേ അനൗദ്യോഗികമായി സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പദ്ധതിയെ പറ്റി അതീവ താത്പര്യത്തോടെ കേട്ട പ്രധാനമന്ത്രി സിൽവർലൈനെ കുറിച്ച് റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഗതാഗതത്തിന് വേണ്ടിവരുന്ന അധിക സമയയമാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവർ പോലും പറയുന്നത് വേഗത കൂടിയ യാത്രാ സംവിധാനം വേണമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണെന്നും, പരിസ്ഥിതി സൗഹൃദയാത്ര സർക്കാർ ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ :
സിൽവർലൈൻ പദ്ധതിക്ക് കണക്കാക്കുന്ന ചെലവ് 63,941 കോടി രൂപയാണ്. വിദേശകടത്തിന്റെ ബാധ്യതയും, ഭൂമിയേറ്റെടുക്കലിന്റെ ചെലവും കേരളം വഹക്കും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടി പദ്ധതി കടന്നുപോകുന്നില്ല. ജലാശയങ്ങളുടെ നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ഓവുചാലുകളും പാസേജുകളും ഒരുക്കും. പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യമില്ല. പരിസ്ഥിതി ആഘാത പഠനം ഒരു വർഷത്തിനുള്ളിൽ നടത്തും.
ആരെയും ദ്രോഹിച്ച് സിൽവർലൈൻ നടപ്പാക്കില്ല. ആരുടെയെല്ലാം ഭൂമി നഷ്ടമാകും എന്നറിയാനുള്ള സാമൂഹികാഘാത പഠനത്തിനാണ് കല്ലിടൽ. സിൽവർലൈൻ പദ്ധതികാരണം ആരും കിടപ്പാടമില്ലാത്തവരായി മാറില്ല. പദ്ധതിയുടെ നിർമാണഘട്ടത്തിൽ 5000 പേർക്ക് തൊഴിലവസരം ലഭിക്കും. നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല.
യുഡിഎഫ് മുന്നോട്ടുവച്ച ഹൈസ്പീഡ് റെയിൽ കേരളത്തിൽ പ്രായോഗികമല്ല. വികസനം അട്ടമിറിക്കാൻ ഒരു മറയുമില്ലാതെ പ്രതിപക്ഷം രംഗത്തിറങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: cm about pm meeting about silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here