ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു

രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ വിമർശിച്ച് പോസ്റ്റിട്ടതിനാണ് രാജേഷ് കുമാറിനെ മർദിച്ചത്. യുവാവിനെ അടുത്തുള്ള ക്ഷേത്രത്തിൽ എത്തിച്ച് മൂക്ക് കൊണ്ട് നിലത്ത് ക്ഷമാപണം എഴുതിപ്പിച്ചു. സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബെഹ്‌റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിച്ചു. ശേഷം ക്ഷേത്രത്തിൽ വെച്ച് മൂക്ക് കൊണ്ട് മാപ്പ് എഴുതിപ്പിക്കുകയും ചെയ്തു.
അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ ബെഹ്‌റോർ പൊലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെഹ്‌റോർ എസ്.പി പറഞ്ഞു. ഒരു സ്വകാര്യ ബാങ്കിൽ സീനിയർ സെയിൽസ് മാനേജരാണ് രാജേഷ്.
Story Highlights: man forced to rub nose on temple floor over remarks on the kashmir files
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here