കേരളത്തിൽ നടക്കുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമെന്ന് എ. വിജയരാഘവൻ

സിൽവർ ലൈനിന്റെ പേരിൽ കോൺഗ്രസും ബി.ജെ.പിയും കേരളത്തിൽ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്ന് സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവ് എ. വിജയരാഘവൻ. കേരളത്തിൽ സി.പി.എം ഭരിക്കുമ്പോൾ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോൺഗ്രസിനുള്ളത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ വികസനത്തിന് എതിരാണ് എന്ന സന്ദേശം ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു. രാജ്യത്ത് ഒരു സർക്കാരും നൽകാത്ത മികച്ച പുനരധിവാസ പാക്കേജാണ് സിൽവർ ലൈനിൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : സിൽവർ ലൈൻ; കല്ലായിയിലും നട്ടാശേരിയിലും ഇന്ന് സർവേ, തടയുമെന്ന് സമരക്കാർ
പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ നേരത്തേ പ്രതികരിച്ചിരുന്നു. പ്രതിഷേധമുണ്ടാക്കുന്നവർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയാണ്. സമരക്കാരിൽ ചിലർ വനിതാ ജീവനക്കാരെ വരെ കൈയേറ്റം ചെയ്യുകയാണ്. ഇത്തരം മോശം സാഹചര്യത്തിൽ സർവേ തുടരാനാകില്ലെന്ന് ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചതായാണ് വിവരം.
സിൽവർ ലൈനിൽ ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ മതിയായ വില നിശ്ചയിച്ച് പണം നൽകിയ ശേഷം മാത്രമാവും. ഭൂമി നഷ്ടമായവരുടെ അഭിപ്രായം കേൾക്കും. മാധ്യമങ്ങൾ അരാജക സമരത്തിന് ഉശിര് പകരുകയാണ്. കേരള വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്നും കോടിയേരി വ്യക്തമാക്കി.
Story Highlights: a vijayarakhavans responds in silverline strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here