അന്താരാഷ്ട്ര വിമാനത്തവളത്തില്‍ പോലും കൂരിരുട്ട്; ശ്രീലങ്കയില്‍ ട്വന്റിഫോര്‍ വാര്‍ത്താ സംഘമെത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ട്വന്റിഫോര്‍ വാര്‍ത്താസംഘമെത്തി. കൊളംബോ ബന്ധാരനായികെ വിമാനത്താവളത്തില്‍ പോലും വെളിച്ചമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയിലുള്ളത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഏഴു മണിക്കൂറോളമാണ് രാജ്യത്ത് പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് പ്രതിസന്ധി ഈ നിലയിലേക്ക് രൂക്ഷമായതെന്നും ശ്രീലങ്കന്‍ ജനത പറയുന്നു. ജീവിതം ദുസഹമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനങ്ങളുടെ ജീവിത മാര്‍ഗങ്ങളും ജീവനും ഇല്ലാതാകുന്നുയെന്നതാണ് നിലവിലെ സ്ഥിതി.
അതേസമയം, ശ്രീലങ്കയെ ബാധിച്ചിരിക്കുന്നത് സാമ്പത്തിക മഹാമാരിയെന്ന് മുന്‍ ശ്രീലങ്കന്‍ പ്രവിശ്യ മുഖ്യമന്ത്രി വരദരാജ പെരുമാള്‍ ട്വന്റി ഫോറിനോട് പറഞ്ഞു. ശ്രീലങ്കയിലെ പ്രതിസന്ധികള്‍ക്ക് കാരണം മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന തെറ്റായ രീതി. അനാവശ്യ ചെലവുകള്‍ കൂടുതലായിരുന്നു, വരുമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യ മുന്‍ മുഖ്യമന്ത്രിയാണ് വരദരാജ പെരുമാള്‍. കടംവാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ അധികാര വികേന്ദ്രികരണം നടപ്പാക്കണം. തമീഴ് സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ നടപടി വേണം. രാജ് പക്‌സേ കുടുംബം മാറിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബോട്ടില്‍ തമിഴ്‌നാട് തീരത്തെത്തിയവരെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി.
രണ്ട് ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങളടക്കം 16 അഭയാര്‍ത്ഥികളാണ് ധനുഷ്‌കോടി, രാമേശ്വരം തീരത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ നിന്നും വരും ദിവസങ്ങളില്‍ 2000 അഭയാര്‍ത്ഥികളെങ്കിലും ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 8 കുട്ടികളടക്കം 16 ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് രണ്ട് ദിവസത്തിനിടെ രണ്ട് സംഘങ്ങളിലായി തെക്കന്‍ തമിഴ്‌നാട് തീരത്തെത്തിയത്.
Story Highlights: Twentyfour news team arrives in Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here