1 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അഞ്ച് വർഷമായി മുങ്ങിനടന്ന തട്ടിപ്പുകാരി ഒടുവിൽ വലയിൽ

നിരവധി സാമ്പത്തിക കുറ്റകൃത്ത്യങ്ങളിലേർപ്പെട്ട ശേഷം അഞ്ച് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടന്ന തട്ടിപ്പുകാരി ഒടുവിൽ വലയിലായി. പത്തനംതിട്ട കുളനട ഞെട്ടൂർ സന്തോഷ് ഭവനിൽ കല ടി. നായരാണ് (54) അറസ്റ്റിലായത്.
റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ഒരാളിൽനിന്ന് 15 പവനും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 5 വർഷമായി മുങ്ങി നടക്കുകയായിരുന്നു പ്രതി. 2012 മുതൽ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ കാലയളവിൽത്തന്നെ മറ്റു പലരിൽ നിന്നുമായി 1 കോടിയോളം രൂപ തട്ടിച്ചതായും വിവിധ സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ട്.
പ്രായമായതും റിട്ടയർ ചെയ്തതുമായ ആൾക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂടെ താമസിപ്പിച്ച് അവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ അറസ്റ്റുചെയ്ത സമയം ഇത്തരത്തിൽ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.
തൃശൂർ ചാലക്കുടി കേന്ദ്രീകരിച്ച് ആഡംബര വീടുകൾ വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു പ്രതി. ഇതിനിടെ യാതൊരു യോഗ്യതകളുമില്ലാതെ വീടുകളുടെ കൺസ്ട്രക്ഷൻ ജോലികൾ ഏറ്റെടുത്ത് ചെയ്ത് കൊടുക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൾഫിക്കറിന്റെ നേതൃത്വത്തിലാണ് കലയെ അറസ്റ്റ് ചെയ്തത്.
Story Highlights: Woman arrested in financial fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here