ദിലീപിന്റെ ഫോണില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകളാണ് ലഭിച്ചത്. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സായ് ശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.
ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ചില നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. നിലവില്‍ ഈ രേഖകളില്‍ ചിലതാണ് ലഭിച്ചതെന്നാണ് സൂചന. ദിലീപിന്റെയടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് മാറ്റിയെന്നായിരുന്നു പ്രതികളുടെ വാദം. നശിപ്പിക്കപ്പെട്ടു എന്നു കരുതുന്ന ഫോണുകൡ നിന്നാണ് വിദഗ്ധരുടെ സഹായത്തോടെ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവയെ അടിസ്ഥാനമാക്കിയാണ് നാളെ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്‌തെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
Read Also : ദിലീപ് തെളിവ് നശിപ്പിച്ചു; ഫോണില്‍ കൃത്രിമം നടത്തി; ക്രൈംബ്രാഞ്ച്
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.
Story Highlights: crime branch documents from Dileep’s phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here