കശ്മീർ ഫയൽസിനെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീൻ സിദ്ധിഖി

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖി. താൻ സിനിമ കണ്ടില്ലെന്നും സംവിധായകർക്ക് വ്യത്യസ്തമായി ഫിലിം മേക്കിംഗ് രീതിയുണ്ടെന്നും നവാസുദ്ദീൻ പറഞ്ഞു. സ്വന്തം വീക്ഷണങ്ങൾക്കനുസരിച്ചാണ് സംവിധായകർ സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എബിപി നെറ്റ്‌വർക്കിൻ്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സിനിമ സംവിധാനം ചെയ്യുമ്പോൾ ഓരോ സംവിധായകനും അവരവരുടേതായ രീതിയുണ്ട്. തൻ്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു. അത് നല്ലതാണ്. ഭാവിയിൽ മറ്റുള്ളവർ അവരുടെ കാഴ്ചപ്പാടിൽ സിനിമകൾ അണിയിച്ചൊരുക്കും. അതും നല്ലതാണ്. ഒരാൾ സിനിമ ഉണ്ടാക്കുമ്പോൾ അവരുടെ കാഴ്ചപ്പാട് സിനിമയിലുണ്ടാവും. അത് ശരിയായ സംഭവങ്ങളാണെങ്കിലും ഉണ്ടാവും. സിനിമ കണ്ടിട്ടില്ലാത്തതിനാൽ എനിക്ക് ഇതേപ്പറ്റി കൂടുതൽ പറയാൻ കഴിയില്ല.”- നവാസുദ്ദീൻ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോകുമ്പോഴും ചിത്രം കാര്യങ്ങളെ പർവതീകരിച്ച് കാണിക്കുന്നു എന്ന വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. കൃത്യമായ ചരിത്രമല്ല സിനിമ പറയുന്നതെന്നും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നും വിമർശനങ്ങളുണ്ട്. സിനിമാ പ്രദർശനത്തിനു ശേഷം തീയറ്ററുകളിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.
Story Highlights: kashmiri files Nawazuddin Siddiqui
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here