കിഷനു ഫിഫ്റ്റി; തകർത്ത് രോഹിതും: മുംബൈക്ക് മികച്ച സ്കോർ

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് നേടി. 81 റൺസെടുത്ത് പുറത്താവാതെ നിന്ന ഇഷൻ കിഷനാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ്മയും (41) തിളങ്ങി. കൊൽക്കത്തക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗംഭീര തുടക്കമാണ് രോഹിതും കിഷനും ചേർന്ന് മുംബൈ ഇന്ത്യൻസിനു നൽകിയത്. ഇരുവരും ആക്രമിച്ചുകളിച്ചപ്പോൾ ദുർബല സംഘവുമായെത്തിയ ഡൽഹി പതറി. ആദ്യ വിക്കറ്റിൽ കിഷനൊപ്പം 67 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം രോഹിത് മടങ്ങി. 41 റൺസെടുത്ത മുംബൈ ക്യാപ്റ്റനെ കുൽദീപ് യാദവ് റോവ്‌മൻ പവലിൻ്റെ കൈകളിലെത്തിച്ചു. മൂന്നാം നമ്പരിലെത്തിയ അന്മോൾപ്രീത് സിംഗ് (8) വേഗം പുറത്തായി. താരത്തെ കുൽദീപിൻ്റെ പന്തിൽ ലളിത് യാദവ് പിടികൂടി.
നാലാം നമ്പറിൽ യുവതാരം തിലക് വർമ്മ മികച്ച രീതിയിൽ ബാറ്റ് വീശി. ആദ്യ മത്സരമാണെന്ന പകപ്പൊന്നുമില്ലാതെ ബാറ്റ് വീശിയ താരം 22 റൺസെടുത്ത് പുറത്തായി. താരത്തെ ഖലീൽ അഹ്മദിൻ്റെ പന്തിൽ പൃഥ്വി ഷാ പിടികൂടുകയായിരുന്നു. കീറോൺ പൊള്ളാർഡിനെ (3) കുൽദീപ് യാദവിൻ്റെ പന്തിൽ ടിം സെയ്ഫെർട്ട് ഉജ്ജ്വലമായി കൈപ്പിടിയിലൊതുക്കിയതോടെ മുംബൈ പതറി. ഇതിനിടെ ഇഷൻ കിഷൻ ഫിഫ്റ്റി തികച്ചു. അവസാന ഓവറുകളിൽ കിഷനും ടിം ഡേവിഡും തുടരെ ബൗണ്ടറികൾ കണ്ടെത്തിയതോടെ മുംബൈ മികച്ച സ്കോറിലേക്ക് നീങ്ങി. എന്നാൽ, 19ആം ഓവറിലെ അവസാന പന്തിൽ ടിം ഡേവിഡിനെ (12) മൻദീപ് സിംഗിൻ്റെ കൈകളിലെത്തിച്ച ഖലീൽ അഹ്മദ് മുംബൈ സ്കോറിംഗിനു ബ്രേക്കിട്ടു. എന്നാൽ, അവസാന ഓവറിൽ കിഷനും ഡാനിയൽ സാംസും ചേർന്ന് നടത്തിയ വെടിക്കെട്ട് മുംബൈയെ മികച്ച സ്കോറിലെത്തിച്ചു. സാംസ് (7) പുറത്താവാതെ നിന്നു.
Story Highlights: mumbai indians score delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here