മാനുഷിക ഇടനാഴി, 5,000-ത്തിലധികം പേരെ ഒഴിപ്പിച്ചതായി യുക്രൈൻ

ശനിയാഴ്ച യുക്രൈനിൽ നിന്ന് 5,208 പേരെ മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികളും, ന്യുമോണിയ ബാധിച്ച ഒരു ശിശുവും ഉൾപ്പെടെയാണ് ഈ കണക്ക്. മരിയുപോളിലെ 4,331 നിവാസികൾ തെക്കുകിഴക്കൻ നഗരമായ സപോരിജിയയിൽ എത്തിയതായി പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് അറിയിച്ചു.
രണ്ട് കുട്ടികളെയും കുഞ്ഞിനെയും സപ്പോരിജിയ ആശുപത്രിയിലേക്ക് മാറ്റി. ഒഴിപ്പിച്ചവരിൽ കീവ് മേഖലയിൽ നിന്ന് 351 പേരും ലുഹാൻസ്ക് നിന്ന് 256 പേരും ഉൾപ്പെടുന്നു. അതേസമയം പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിൽ റോക്കറ്റാക്രമണം. ലിവിവിനടുത്ത് വെലികി ക്രിവ്ചിറ്റ്സി ഭാഗത്ത് മൂന്ന് അതിശക്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ വ്യോമാക്രമണം യുക്രൈൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
നേരത്തെ റഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്തു നിൽക്കുന്ന യുക്രൈന് വേണ്ടി അണിനിരക്കണമെന്ന് ലണ്ടൻ ജനതയോട് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്ക്കോ ആഹ്വാനം ചെയ്തു. രാജ്യം അവസാന നിമിഷം വരെ പോരാടും. യുക്രൈൻ പക്ഷം ചേർന്ന് യുദ്ധത്തെ നേരിടാൻ ലണ്ടൻ ഒന്നിക്കണം. ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ക്ലിറ്റ്ഷ്ക്കോ ആവശ്യപ്പെട്ടു.
Story Highlights: ukrainian presidency reports 5000 people evacuated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here