ലൂണ 2025 വരെ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിനായി സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ ഉറുഗ്വേ താരം അഡ്രിയാൻ ലൂണയുടെ കരാർ നീട്ടിയെന്ന് റിപ്പോർട്ട്. താരം 2025 വരെ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൂണ ക്ലബ് വിടുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകരിൽ ആകാംക്ഷ നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്തുവരുന്നത്.
സീസണിലെ മറ്റൊരു ശ്രദ്ധേയ താരം മാർക്കോ ലെസ്കോവിച്ചിൻ്റെ കരാറും ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു. ക്രൊയേഷ്യൻ പ്രതിരോധ താരമായ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സ് പിൻനിരയുടെ ഊർജമായിരുന്നു. മൂന്നോ നാലോ വിദേശ താരങ്ങൾ ക്ലബിൽ തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലൂണ, ലെസ്കോവിച്ച് എന്നിവർക്കൊപ്പം പെരേര ഡിയാസും ആൽവാരോ വാസ്കസും ബ്ലാസ്റ്റേഴ്സിൽ തന്നെ കളിക്കുമെന്നാണ് സൂചന. അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഡിയാസ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. താരത്തിന് ഇവിടെത്തന്നെ തുടരാനാണ് താത്പര്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാനിഷ് താരമായ വാസ്കസിൻ്റെ കാര്യത്തിലാണ് ഇതുവരെ ഉറപ്പില്ലാത്തത്.
സീസണിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പ് ആയിരുന്നു. ഹൈദരാബാദ് എഫ്സിക്കെതിരായ ഫൈനലിൽ ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
Story Highlights: adrian luna continue kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here