യുദ്ധഭൂമിയിൽ നിന്ന് ആശ്വാസവാർത്ത; കീവിലെ സൈനികവിന്യാസം ക്രമാനുഗതമായി ലഘൂകരിയ്ക്കുമെന്ന് റഷ്യ

യുദ്ധഭൂമിയിൽ നിന്ന് ആശ്വാസവാർത്ത. യുക്രൈനിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശത്തിനെതിരെ യുക്രൈൻ്റെ ശക്തമായ ചെറുത്തുനില്പ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം.
യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും സൈന്യത്തെ സാവധാനത്തിൽ പിൻവലിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിൻ്റെ തീവ്രത സാവധാനം കുറയുന്നു എന്ന പ്രതീക്ഷയാണ് റഷ്യയുടെ പ്രഖ്യാപനം നൽകുന്നത്. ഉടൻ തന്നെ പുടിനും സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചു.
നേരത്തെ, സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് റവ്ലാദിമിർ പുടിൻ പ്രകോപനപരമായ മറുപടിയാണ് നൽകിയത്. ‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിൻ സെലൻസ്കിയ്ക്ക് മറുപടി നൽകിയത്. സെലൻസ്കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മുൻ ഉടമയുമായ റോമൻ അബ്രമോവിച്ചിനോടായിരുന്നു പുടിൻ്റെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിൻ മറുപടി നൽകിയത്.
അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കണ്ണുകൾ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങൾ വിഷബാധയുടേതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചർച്ചകൾക്കായി ശ്രമിച്ച രണ്ട് യുക്രൈൻ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Reduce Military Activity Ukraine Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here