ബഹ്റൈനും ഇസ്രായേലും തമ്മിൽ സഹകരണക്കരാർ

ബഹ്റൈനും ഇസ്രായേലും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു. തെൽഅവീവിൽ നടന്ന നയതന്ത്ര ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മള സമാധാനത്തിനുള്ള സംയുക്ത കരാറിൽ ഒപ്പുവെച്ചത്. ഉച്ചകോടിയിൽവെച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡും തമ്മിലാണ് സഹകരണക്കരാർ ഒപ്പുവെച്ചത്.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് നയതന്ത്ര ഉച്ചകോടിയിൽ പങ്കെടുത്തത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കുന്നതിനും വ്യാപാര വിനിമയത്തോത് വർധിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിനുമാണ് കരാർ ഊന്നൽ നൽകുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സുരക്ഷ, ടൂറിസം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യ-ജലസുരക്ഷ, കാലാവസ്ഥാവ്യതിയാനം, പുനരുപയോഗ ഊർജം,എന്നിവയുൾപ്പെടെയുള്ള മേഖലകളിലും സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഈറ്റൻ നായെഹ്, ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസുഫ് അൽജലാഹിമ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Story Highlights: Cooperation agreement between Bahrain and Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here