‘മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യിൽ നിന്ന് 11 ലക്ഷം കടം വാങ്ങി, ബന്ധുനിയമനത്തിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’; വാർത്താസമ്മേളനത്തിൽ ഖുർആൻ ഉയർത്തിപ്പിടിച്ച് കെ ടി ജലീൽ

വാർത്താസമ്മേളനത്തിൽ ഖുർആൻ ഉയർത്തിപ്പിടിച്ച് മുൻ മന്ത്രി കെ ടി ജലീൽ. മന്ത്രി ആയ സമയത്ത് ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുർആൻ പിടിച്ച് സത്യം ചെയ്യുന്നതായി കെടി ജലീൽ പറഞ്ഞു. വ്യാജ പ്രചാരണമാണ് പി കെ ഫിറോസ് നടത്തിയതെന്നും, മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കയ്യിൽ നിന്നാണ് 11 ലക്ഷം രൂപ കടം വാങ്ങിയതെന്നും ജലീൽ വ്യക്തമാക്കി.
മുസ്‌ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് പി കെ ഫിറോസെന്നും പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും കെ ടി ജലീൽ ആരോപിച്ചു. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയതെന്നും വൻതട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീൽ ആരോപിക്കുന്നു.
ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകൾ നിരത്തി കെ ടി ജലീൽ വെളിപ്പെടുത്തി. 2024 മാർച്ച് 23 മുതൽ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തിൽ ബാധ്യത ഉള്ളയാൾക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീൽ ചോദിക്കുന്നു. യൂത്ത് ലീഗ് നേതാക്കൾ തന്നെയാണ് ഈ രേഖകൾ എല്ലാം തരുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ യുവജന നേതാക്കൾ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരുന്നെന്നും ഇത് അപകടകരമായ രീതിയാണെന്നും ജലീൽ അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടം ഉൾപ്പടെ പണമുണ്ടായാൽ എന്തും ചെയ്യാമെന്ന ധിക്കാര മനോഭവമാണ്. പണം കൊടുത്ത് വശത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് വയനാട്ടിൽ വീട് വെക്കാൻ പണം പിരിച്ചത് വിവാദമായി, എന്നാൽ യൂത്ത് ലീഗ് പണം പിരിച്ചാൽ പിന്നീട് നേതാക്കൾ പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതാണ് കാഴ്ചയെന്നും അദ്ദേഹം പരിഹസിച്ചു. മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കാണിച്ച മാന്യതയുടെ അരികിൽ ലീഗ് എത്തണമെങ്കിൽ ഫിറോസിനെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിനിർത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.
Story Highlights : kt jaleel against p k firos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here