ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു; രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു. പുതുതായി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു. എംക്യുഎം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പിടിഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകും. ഇതിനിടെ സൈനിക മേധാവിയും ഐഎസ്‌ഐ തലവനും ഇമ്രാനെ കണ്ടു.
രാജിസമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കില്ലന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അവസാന പന്ത് വരെ പോരാടുന്നയാളാണ് ഇമ്രാന്‍ ഖാന്‍ എന്നും മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. ഏപ്രില്‍ 3നാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്.
പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ആകെ 342 അംഗബലമുണ്ട്. 172 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്.179 അംഗങ്ങളുടെ പിന്തുണയോടെയാണ് പാകിസ്താന്‍ ഇന്‍സാഫ് പാര്‍ട്ടി സഖ്യം രൂപീകരിച്ചത്. 155 അംഗങ്ങളുള്ള ഇമ്രാന്‍ ഖാന്റെ പിടിഐക്കും ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി), ഗ്രാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് (ജിഡിഎ) എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന സഖ്യകക്ഷികള്‍ക്ക് 20 സീറ്റുകളുമുണ്ട്.
Read Also : റഷ്യന്‍ അധിനിവേശം; യുക്രൈനില്‍ നിന്ന് പലായനം ചെയതത് നാല് മില്യണിലധികം പേരെന്ന് യുഎന്‍
നാല് സഖ്യകക്ഷികളില്‍ എംക്യുഎം-പി, പിഎംഎല്‍-ക്യു, ബിഎപി എന്നിവ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് പറയുകയും ചെയ്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ സ്ഥിതി പ്രതിസന്ധിയിലാണ്. നാളെയാണ് പാര്‍ലമെന്റ് ചേരുക. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇമ്രാന്‍ ഖാനെതിരായ പ്രധാന ആരോപണം.
Story Highlights: Imran Khan under pressure to resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here