ട്വന്റിഫോർ വാർത്ത തുണയായി; ബിനുജയ്ക്കും കുടുംബത്തിനും കെട്ടുറപ്പുള്ള വീടെന്ന സ്വപ്‌നം സഫലമായി

കാറ്റത്തും മഴയത്തും ആകെയുണ്ടായിരുന്ന മൺവീട് നിലംപതിച്ചതോടെ പെരുവഴിയിലായ കല്ലറ ചെറുവാളത്തെ നാലംഗ കുടുംബത്തിന് ഇന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമാണ്. ഇവർക്ക് പ്രമുഖ ബിൽഡേഴ്‌സ് ഗ്രൂപ്പായ വർമ ഹോംസ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും. ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയടക്കം നാലംഗ കുടുംബത്തിന്റെ ദുരവസ്ഥ ട്വൻറിഫോറാണ് പുറംലോകത്തെത്തിച്ചത്. 24 ഇംപാക്ട്.
കഴിഞ്ഞ മെയ് മാസം 31 നാണ് ബിരുദ വിദ്യാത്ഥിനിയായ ബിനുജയുടെയും കുടുംബത്തിന്റെയും അവസ്ഥ 24 പ്രേക്ഷകരിലേക്ക് എത്തിച്ചത്. കാറ്റത്തും മഴയത്തും ഇവരുടെ മൺവീട് നിലംപതിച്ചപ്പോൾ അതിനൊപ്പം തകർന്നടിഞ്ഞച് ഇവരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത നാലംഗ കുടുംബം പിന്നീട് ഒറ്റമുറിവാടക വീട്ടിലായിരുന്നു താമസം.
ഇവരുടെ നിസഹായാവസ്ഥ ട്വന്റിഫോറിലൂടെ കണ്ടറിഞ്ഞ വർമഹോംസ് കാരുണ്യ ദൂതരായി ഇവരിലേക്ക് എത്തുകയായിരുന്നു. കെട്ടുറപ്പുളള വീടെന്ന ഈ കുടുംബത്തിന്റെ സ്വപ്നത്തിന് വർമഹോംസ് കഴിഞ്ഞ ജൂലൈ 14 ന് ശിലപാകി. നിർമാണം പൂർത്തിയാക്കിയ മനോഹരമായ വീട് കുടുംബത്തിന് കൈമാറി.
ബിനുജയുടെ അധ്യാപകനാണ് ഇവരുടെ അവസ്ഥ പുറംലോകത്തെത്തിക്കാൻ കാരണമായത്. പിന്നാലെ വാർഡ് മെമ്പറും ബിനുജ പഠിക്കുന്ന മന്നാനിയ്യാ കോളജും പ്രദേശത്തെ പ്രവാസി കൂട്ടായ്മയുമെല്ലാം ദൗത്യത്തിന് പിന്തുണയുമായി എത്തുകയായിരുന്നു.
ഈ വീടിനൊപ്പം കുന്നിൻമുകളിലെ മറ്റു നിരവധി കുടുംബങ്ങളുടെ കാലങ്ങളായ ഒരു സ്വപ്നം കൂടി പൂവണിയുകയാണ്. നടപ്പാത മാത്രമുണ്ടായിരുന്ന കുന്നിൻമുകളിലേക്ക് വാഹന ഗതാഗതവും സാധ്യമായിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here