വിധി സമ്മാനിച്ചത് ശബ്‌ദമില്ലാത്ത ലോകം; എല്ലാ പരിമിതികളെയും തോൽപ്പിച്ച് ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഇരട്ട സഹോദരിമാർ

ജീവിതത്തിലെ പ്രതിസന്ധികളെയും പോരായ്മകളെയും പരിശ്രമം കൊണ്ട് പോരാടി തോൽപ്പിക്കുന്ന നിരവധി പേരെ കുറിച്ച് നമ്മൾ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യാൻ ഇവരൊക്കെ നമുക്ക് പ്രചോദനം ആകാറുണ്ട്. ഇന്ന് പറയുന്നത് രണ്ട് മിടുക്കികളെ കുറിച്ചാണ്. ശബ്ദമില്ലാത്ത ലോകത്തേക്കാണ് അവർ ജനിച്ചുവീണത്. എന്നാൽ വിധിയുടെ മുന്നിൽ തോൽക്കാൻ അവർ തയ്യാറായിരുന്നില്ല. പാർവതിയും ലക്ഷ്മിയും ഇപ്പോൾ ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസില്‍ (ഐ.ഇ.എസ്) ഇടം നേടിയിരിക്കുകയാണ് ഇരുവരും. സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ പാർവതി 74-ാം റാങ്കും ലക്ഷ്മി 75-ാം റാങ്കും സ്വന്തമാക്കി. പട്ടികയിൽ ഇടംനേടിയ മലയാളികൾ ഇവർ മാത്രമാണ്.
അമ്മ സീതയാണ് ഇരുവർക്കും താങ്ങും പ്രചോദനവുമായി കൂടെനിന്നത്. അമ്മ പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് ആണ്. മൂന്ന് മക്കളിൽ ഇളയവരാണ് ഇരുവരും. ചേട്ടൻ വിഷ്ണുവിനും കേൾവിശക്തിയില്ല. അതുകൊണ്ട് ഇരുവർക്കും കേൾക്കാൻ സാധിക്കില്ല എന്നത് ചെറിയ പ്രായത്തിൽ തന്നെ മനസിലാക്കി. ബാക്കിയുള്ളവർക്കൊപ്പം തന്നെ മക്കൾ പഠിക്കണമെന്നും ഉന്നതങ്ങളിൽ എത്തണമെന്നും അമ്മ സീത ആഗ്രഹിച്ചു. അതിനായി പരിശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് ഇരുവരെയും ഒന്നര വയസ്സുമുതല്‍ കേള്‍വിശക്തിയില്ലാത്തവരെ പരിശീലിപ്പിക്കുന്ന ആക്കുളം നിഷില്‍ പരിശീലനത്തിന് ചേർത്തു. ഇവർക്ക് രണ്ട് വയസുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടു.
അവിടന്നങ്ങോട്ട് എല്ലാ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും തരണം ചെയ്തു സീത മക്കളെ വളർത്തി. ഒന്നാം ക്ലാസ് മുതല്‍ ഇരുവരും സാധാരണ വിദ്യാർത്ഥികൾക്കൊപ്പമാണ് പഠിച്ചത്. ചേട്ടനാണ് എല്ലാ പിന്തുണയും നൽകി കൂടെ ഉണ്ടായിരുന്നത്. ഐ.ഇ.എസിന് പരിശീലിക്കാന്‍ സഹോദരിമാർക്ക് നിദേശങ്ങൾ നൽകിയതും വിഷ്ണുവാണ്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് വിഷ്ണു. വിവാഹം കഴിഞ്ഞു. മൂന്ന് വയസുള്ള മകളുണ്ട് ഇരുവർക്കും.
Story Highlights: engineering service twins wins IES exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here