മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ല; എ.കെ. ശശീന്ദ്രൻ

മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ഐക്യ ജനാധിപത്യ മുന്നണി പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎൽഎയും നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ സി കെ) നേതാവുമായ മാണി സി കാപ്പൻ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പൻ, മുന്നണിയിലെ നിലവിലെ സ്ഥിതിയിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എൻസിപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി കാപ്പൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമർശനങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാൻ തയ്യാറായില്ലെന്നും എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി കാപ്പൻ ആവർത്തിക്കുന്നുണ്ട്.
Story Highlights: Mani c Kappan will not be taken into LDF; A.K. Shashindran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here