വധ ഗൂഢാലോചന കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും

വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോണ്‍ രേഖകള്‍ അടക്കം നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷന് വാദിക്കുന്നു. ( Dileeps plea will continue today )
അതിനിടെ വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് ആറാം പ്രതിയാണെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞ വി.ഐ.പി ശരത് തന്നെയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് എസ്.പി മോഹനചന്ദ്രന് പറഞ്ഞു. കോടതിയില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും പ്രാഥമിക വാദമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദീലീപിന് കൈമാറുമ്പോഴും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം, കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടിരുന്നു.
Story Highlights: Murder conspiracy case; Dileep’s plea will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here