Advertisement

താന്‍ പോയത് ഫിയോകിന്റെ പ്രതിനിധികള്‍ ക്ഷണിച്ചതുകൊണ്ട്; ദിലീപിനെ വീട്ടില്‍ പോയി കണ്ടതല്ലെന്ന് രഞ്ജിത്ത്

March 31, 2022
Google News 2 minutes Read
Ranjith response to his meeting with dileep

നടന്‍ ദിലീപുമായി ഫിയോക് യോഗത്തിലെ വേദി പങ്കിട്ട വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ലെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ഫിയോകിന്റെ പ്രതിനിധികള്‍ ക്ഷണിച്ചതുപ്രകാരമാണ് താന്‍ അവിടെ പോയത്. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

‘തനിക്കൊപ്പം മധുപാലും വേദി പങ്കിട്ടിരുന്നു. ദിലീപും ഞാനും കൂടെ നാളെ ഒരു ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടിവന്നാല്‍ എനിക്കിറങ്ങി ഓടാന്‍ പറ്റുമോ? അത്രയേയുള്ളൂ. കേരളത്തിലെ മുഴുവന്‍ തീയറ്ററുകളുടെയും ഉടമയല്ല ദിലീപ്. അവരുടെ സംഘടനകളുടെ സെക്രട്ടറിയാണ് എന്നെ വിളിക്കുന്നത്, ദിലീപല്ല. ദിലീപിനൊപ്പം ഇരുന്നതില്‍ എനിക്കൊന്നും തോന്നിയില്ല. അതില്‍ കൂടുതല്‍ ഒന്നും വിശദീകരിക്കേണ്ട കാര്യമില്ല’. രഞ്ജിത്ത് പറഞ്ഞു.

ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും ദിലീപും ഒരേ വേദി പങ്കിട്ടത്.ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനാണെന്ന് പറഞ്ഞു. ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് വൈസ് ചെയര്‍മാന്‍. ആന്റണി പെരുമ്പാവൂര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

Read Also : വധഗൂഡാലോചനാ കേസ്; ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ ഭാവന അതിഥിയായി എത്തിയപ്പോള്‍ രഞ്ജിത്താണ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോള്‍ രഞ്ജിത്ത് കാണാന്‍ പോയ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Story Highlights: Ranjith response to his meeting with dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here