ബ്രാബോണിൽ ലിവിങ്സ്റ്റണിന്റെ വെടിക്കെട്ട്; ചെന്നൈക്കെതിരെ പഞ്ചാബിന് മികച്ച സ്കോർ

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് ആണ് നേടിയത്. 32 പന്തുകളിൽ 60 റൺസെടുത്ത ലിയാം ലിവിങ്സ്റ്റൺ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ (33), ജിതേഷ് ശർമ്മ (26) എന്നിവരും പഞ്ചാബിനു വേണ്ടി തിളങ്ങി. ചെന്നൈക്കായി ക്രിസ് ജോർഡനും ഡ്വെയിൻ പ്രിട്ടോറിയസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ മുകേഷ് ചൗധരി ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (4) പുറത്താക്കി. അഗർവാളിനെ ഉത്തപ്പ പിടികൂടുകയായിരുന്നു. അടുത്ത ഓവറിൽ ഭാനുക രാജപക്സ (9) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ധവാനും ലിവിങ്സ്റ്റണും ചേർന്ന കൂട്ടുകെട്ടാണ് പഞ്ചാബ് ഇന്നിംഗ്സിനു ദിശാബോധം നൽകിയത്. മുകേഷ് ചൗധരി എറിഞ്ഞ അഞ്ചാം ഓവറിൽ 26 റൺസറിച്ച ലിവിങ്സ്റ്റൺ തകർപ്പൻ ഫോമിലായിരുന്നു. ധവാൻ താരത്തിന് ഉറച്ച പിന്തുണ നൽകി. 27 പന്തുകളിൽ ലിവിങ്സ്റ്റൺ തൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി തികച്ചു. ആ ഓവറിൽ തന്നെ ധവാൻ (33) മടങ്ങി. ധവാനെ ബ്രാവോ ജഡേജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അടുത്ത ഓവറിൽ ലിവിങ്സ്റ്റണും പുറത്തായി. ലിവിങ്സ്റ്റണെ ജഡേജയുടെ പന്തിൽ റായുഡു പിടികൂടി.
തുടർന്ന് ക്രീസിലെത്തിയ ജിതേഷ് ശർമ്മ ചില കൂറ്റൻ ഷോട്ടുകളുതിർത്തു. എന്നാൽ, 15ആം ഓവറിൽ ഡ്വെയിൻ പ്രിട്ടോറിയസിൻ്റെ പന്തിൽ ഉത്തപ്പയ്ക്ക് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി. ഷാരൂഖ് ഖാൻ (6), ഒഡീൻ സ്മിത്ത് (3) എന്നിവർ ജോർഡൻ്റെ ഇരകളായി മടങ്ങി. ഷാരൂഖിനെ പ്രിട്ടോറിയസും ഒഡീനെ ബ്രാവോയും പിടികൂടി. അവസാനം ചില മികച്ച ഷോട്ടുകളുതിർത്ത രാഹുൽ ചഹാർ (12) ആണ് പഞ്ചാബ് സ്കോർ 180 കടത്തിയത്. ചഹാറിനെ പ്രിട്ടോറിയസ് ബ്രാവോയുടെ കൈകളിലെത്തിച്ചു.
Story Highlights: punjab kings innings chennai super kings ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here