‘ഇൻസുലിനെടുത്തതിന് മയക്കുമരുന്നെന്ന് പറഞ്ഞ് കളിയാക്കിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി’; അസുഖത്തിന്റെ പേരിൽ കുഞ്ഞുങ്ങൾ സ്‌കൂളുകളിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ? Student Tv Investigation

പ്രമേഹം പോലുള്ള രോഗങ്ങളുള്ള കുട്ടികൾ പല സ്‌കൂളുകളിലും ശാരീരകമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ പ്രാഥമിക ചികിത്സ നൽകാനോ വിശ്രമിക്കാനോ സ്‌കൂളുകളിൽ സൗകര്യമുണ്ടോ ? അസുഖത്തിന്റെ പേരിൽ കുഞ്ഞുങ്ങൾ സ്‌കൂളുകളിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ? സ്റ്റുഡന്റ് ടി.വി അന്വേഷിക്കുന്നു. ( schools need sickrooms for children 24 student tv )
ഒരു സിക്ക് റൂം, അല്ലെങ്കിൽ ഇഞ്ചക്ഷൻ റൂം സ്‌കൂളുകളിൽ അനിവാര്യമാണ്. എന്നാൽ സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഇത് ഇല്ല. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ടൈപ്പ് 1 ഡയബെറ്റീസിനെ കുറിച്ച് അധ്യാപകർക്ക് അവബോധമില്ലാത്തതിന്റെ ദൂഷ്യവശം നാം മുൻപ് കണ്ടിട്ടുണ്ട്. സ്‌കൂളിൽ വച്ച് ഇൻസുലിനെടുത്ത കുട്ടിയെ മയക്കുമരുന്നെന്ന പേരിൽ സഹപാഠികൾ കളിയാക്കിയത് ആ വിദ്യാർത്ഥിയെ കോമയിൽ വരെ എത്തിച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. നാല് ദിവസമാണ് വിദ്യാർത്ഥിനി ഐസിയുവിൽ കിടന്നതെന്ന് വിദ്യാർത്ഥിനിയുടെ അമ്മ ട്വന്റിഫോർ സ്റ്റുഡന്റ് ടിവിയോട് പറഞ്ഞു. ‘ഇനിയൊരു കുട്ടിക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകരുത്’- അമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞു.
മറ്റൊരു അമ്മയുടെ അനുഭവം ഇങ്ങനെ -‘ സ്വന്തമായി ജോലിയുണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ മകന് ഡയബറ്റീസ് ഉള്ളതുകൊണ്ട് അവനൊപ്പം സ്‌കൂളിൽ പോകേണ്ടി വരുന്നു. ഇടയ്ക്കിടെ ഷുഗർ കൂടുകയും, കുറയുകയും, ഇൻസുലിനെടുക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്’.
Read Also : പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉപകരണം; കൃത്രിമ പാൻക്രിയാസ് യന്ത്രമെത്തി
സ്‌കൂളുകൾ കുഞ്ഞുങ്ങളുടെ പഠനകേന്ദ്രമാകുന്നതിനുമപ്പുറം അവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടികളെ കൂടി പരിഗണിച്ചുള്ള മികവിന്റെ കേന്ദ്രമാകേണ്ടതുണ്ട്. പഠന നിലവാരം ഉയർത്തുക മാത്രമല്ല, കുട്ടികളുടെ മാനസിക ഉല്ലാസവും ശാരീരിക ക്ഷമതയും ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെയും വിദ്യാലയങ്ങളുടേയും ചുമതലയാണ്.
Story Highlights: schools need sickrooms for children 24 student tv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here