ഇമ്രാൻ ഖാനെ വിചാരണ ചെയ്യും; തുടർ നടപടികളുമായി പ്രതിപക്ഷം

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളുകയും ദേശീയ അസംബ്ലി പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിൽ തുടർ നടപടികളുമായി പ്രതിപക്ഷം. ഖാനെയും സ്പീക്കർ അസദ് ഖൈസറിനെയും ആർട്ടിക്കിൾ 6 പ്രകാരം വിചാരണ ചെയ്യുമെന്ന് ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ ഭരണഘടനാ വിരുദ്ധം എന്ന് ഖാസിം സൂരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെഹ്ബാസിന്റെ പ്രതികരണം. ഖാനെ ചുഴറ്റി എറിയുമെന്ന് കരുതിയ പ്രമേയം ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് തള്ളുകയായിരുന്നു. പിന്നാലെ ഇമ്രാൻ ഖാന്റെ ഉപദേശ പ്രകാരം പാക് പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചു വിടുകയും ചെയ്തു.
രണ്ട് നടപടികളിലും പ്രതിഷേധിച്ച് ദേശീയ അസംബ്ലിയിൽ ധർണനടത്തിയ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. ചീഫ്ജസ്റ്റിസ് ഉമർ അതാ ബണ്ടിയാലിന്റെ മൂന്നംഗ ബെഞ്ച് അടിയന്തരമായി ചേരുകയും ഹർജികൾ വിശാല ബെഞ്ച് പരിഗണിക്കാനായി മാറ്റുകയും ചെയ്‌തു. തന്നെ പുറത്താക്കാൻ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ ഞെട്ടിച്ചാണ് ഇമ്രാൻ അവിശ്വാസ പ്രമേയത്തിന്റെ കഥ കഴിക്കാനും ദേശീയ അസംബ്ലി പിരിച്ചുവിടാനും കരുക്കൾ നീക്കിയത്.
അതേസമയം ഇമ്രാൻ ഖാൻ പാകിസ്താന്റെ പ്രധാനമന്ത്രിയല്ലെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു. പാകിസ്താൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം ഇമ്രാൻ ഖാൻ പാകിസ്താന്റെ പ്രധാനമന്ത്രിയല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും കാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Story Highlights: opposition contemplates action after pak national assembly dissolved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here