സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ കെ.വി.തോമസും

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ കെ.വി.തോമസിനെ ഉള്‍പ്പെടുത്തി സിപിഐഎം നേതൃത്വം. ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കെ.വി.തോമസിന്റെ പേര് ഉള്‍പ്പെടുത്തി. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് എഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ശശി തരൂര്‍ എംപിയും കെ.വി.തോമസും പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി തരൂരിനെ ഒഴിവാക്കി കെ.വി.തോമസിനെ ഉള്‍പ്പെടുത്തി നോട്ടീസ് ഇറക്കിയിരിക്കുന്നത്.
എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. 2024 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് സിപിഐഎം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാര്‍ട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് വിളിച്ചത് എന്നും കെ.വി.തോമസ് പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ.വി.തോമസിനോട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഐഎം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാന്‍ഡ് ഇന്നലെ തീരുമാനം വ്യക്തമാക്കിയത്. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ.വി.തോമസിന്റെ നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.
Story Highlights: KV Thomas was one of the participants in the CPI (M) Party Congress seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here