നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം; സില്‍വര്‍ലൈനില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബംഗാളില്‍ നിന്നുള്ള സിപിഐഎം നേതാക്കള്‍

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കളുടെ മുന്നറിയിപ്പ്. ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് ബംഗാളിലെ ഒരു കൂട്ടം നേതാക്കളുടെ നിര്‍ദേശം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ കാണാതിരിക്കരുത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പിലാക്കാന്‍. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ബംഗാള്‍ ഘടകം ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു. ( kerala cpim leaders must learn lessons from Nandigram says bengal leaders)
നന്ദിഗ്രാം, സിങ്കൂര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചെന്ന് ബംഗാളിലെ ഒരു കൂട്ടം നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. നന്ദിഗ്രാമില്‍ നിന്നും സിങ്കൂരില്‍ നിന്നും വ്യത്യസ്തമായി സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും നിലനില്‍ക്കുന്നുണ്ടെന്ന് ബംഗാള്‍ ഘടകം അറിയിച്ചു. ഈ ആശങ്കകളേയും അഭിമുഖീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Read Also : 24 ഇംപാക്ട്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മരുന്ന് ദുരുപയോഗത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി
അതേസമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചര്‍ച്ച ഇന്നാരംഭിക്കും. കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ബിജെപിക്കെതിരായ ദേശീയ ബദലിന്റെ കാര്യത്തില്‍ പൊതു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇന്ന് പൊതു ചര്‍ച്ച ആരംഭിക്കുന്നത്. സാര്‍വദേശീയ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രമേയത്തിലുള്ളത്. കേരളത്തില്‍ നിന്നും മന്ത്രി പി രാജീവ്, ടി എന്‍ സീമ, കെ കെ രാകേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം കോണ്‍ഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്.
കോണ്‍ഗ്രസുമായി പ്രാദേശിക പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ സഖ്യമോ സഹകരണമോ ആകാമെന്ന നിലപാടിലായിരുന്നു ബംഗാള്‍ ഘടകത്തിന്. ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. ചര്‍ച്ച പൂര്‍ത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കും. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു.
Story Highlights: kerala cpim leaders must learn lessons from Nandigram says bengal leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here