Advertisement

ഒരു വ്യക്തിക്ക് ഒരു ജന്മം കിട്ടാനുള്ളതെല്ലാം പാര്‍ട്ടിയില്‍ നിന്ന് കിട്ടി; കെ വി തോമസ് നന്ദികേട് കാട്ടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

April 7, 2022
2 minutes Read
rajmohan unnithan against kv thomas

സിപിഐഎം ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ വി തോമസ് കാണിച്ചത് നന്ദികേടാണ്. കൊടുക്കാനുള്ള പദവികള്‍ മുഴുവന്‍ കൊടുത്തിട്ടും എന്താണ് വീണ്ടും വീണ്ടും വേണമെന്ന് പറയുന്നത്? സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനമല്ല ഇപ്പോള്‍ വിശകലനം ചെയ്യപ്പെടേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

‘മൂന്ന് വര്‍ഷക്കാലം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യ ചെയ്തിരുന്ന മന്ത്രിയായിരുന്നു കെ വി തോമസ്. 22 വര്‍ഷക്കാലം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചയാളാണ്. എട്ടുകൊല്ലം എംഎല്‍എ, 3 വര്‍ഷം സംസ്ഥാനത്ത് മന്ത്രി, 5 വര്‍ഷക്കാലം കേന്ദ്രമന്ത്രി, 22 വര്‍ഷം പാര്‍ലമെന്റ് അംഗം തുടങ്ങി ഇത്രയും പദവികള്‍ കൊടുത്തിട്ടും താന്‍ നിരാശനാണെന്നും, പാര്‍ട്ടി അവഗണിക്കുകയാണെന്നും പറഞ്ഞാല്‍ എന്താണ് പൊതുജനം മനസിലാക്കേണ്ടത്?

ഒരു വ്യക്തിക്ക് ഒരു ജന്മം കിട്ടാനുള്ളതെല്ലാം പാര്‍ട്ടിയില്‍ നിന്ന് കിട്ടി, ഇനിയെന്താണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. പാര്‍ട്ടി ഒരു തീരുമാനമെടുത്തു. അതിലെ ശരിതെറ്റുകളല്ലല്ലോ വിശകലനം ചെയ്യേണ്ടത്? വിഘടവാദികള്‍ക്കും ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ പ്രതികരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാത്രമാണ വ്യത്യസ്തമായി നില്‍ക്കുന്നത്. ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെമിനാറില്‍ പങ്കെടുക്കരുതെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Read Also : കണ്ണൂരിലേക്ക്; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് കെ വി തോമസ് പ്രഖ്യാപിച്ചത്., കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത് എന്നും കെ വി തോമസ് പറഞ്ഞു.

Story Highlights: rajmohan unnithan aganinst kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top