‘പാര്‍ട്ടിയില്‍ നിന്ന് പോകുന്നവരെ കൊല്ലുന്നവരാണോ ജനാധിപത്യം പഠിപ്പിക്കുന്നത്?’; കെ വി തോമസ് വിഷയത്തില്‍ കെ സി വേണുഗോപാല്‍

കെ വി തോമസിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസിയുടേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെപിസിസിയെ മറികടന്നുള്ള തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉദേശിക്കുന്നില്ലെന്നും കെ വി തോമസിനെതിരായ നടപടിയെക്കുറിച്ച് കേരളത്തില്‍ നിന്ന് നിര്‍ദേശം വന്നശേഷം ആവശ്യമെങ്കില്‍ തീരുമാനമെടുക്കാമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. (kc venugopal response in kv thomas issue cpim)
മറ്റ് പാര്‍ട്ടികളുമായി സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കള്‍ സഹകരിക്കുന്നതില്‍ ഏറ്റവും അസഹിഷ്ണുതയുള്ള പാര്‍ട്ടി സിപിഐഎം ആണെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗൗരിയമ്മയെ വികസന സെമിനാറിന് ക്ഷണിച്ചു എന്ന് പറഞ്ഞല്ലേ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്? എം വി രാഘവനെ വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരിലാണ് പി ബാലനെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് ജനാധിപത്യം പഠിപ്പിക്കാന്‍ വന്നിരിക്കുന്നത്. ആരും ചരിത്രം മറന്നിട്ടില്ലെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. സിപിഐഎം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താനെന്ന് കെ വി തോമസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
കെ വി തോമസ് കാണിച്ച തീരുമാനം ആണത്തമാണെന്ന് എംഎം മണി പ്രതികരിച്ചു. നല്ല രാഷ്ട്രീയ വീക്ഷണമുള്ള നേതാവാണ് കെ വി തോമസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസ് വരുന്നത്. അദ്ദേഹത്തിന്റെ തീരുമാനം വിലക്കുന്നത് തന്നെ ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. എംഎം മണി കൂട്ടിച്ചേര്‍ത്തു.
Story Highlights: kc venugopal response in kv thomas issue cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here