സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ മലയാളത്തിൽ സംസാരിച്ച് എം.കെ സ്റ്റാലിൻ

കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മലയാളത്തിൽ സംസാരിച്ചത് കൗതുകമായി. മുഖ്യമന്ത്രി പിണറായിയുടെ ക്ഷണമനുസരിച്ചാണ് സമ്മേളനത്തിന്റെ ഭാഗമായതെന്നും ഇത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ അസംബ്ലി നടക്കുന്നതിന്റെ തിരിക്കിനിടയിലും ഇവിടെയെത്തിയത് കേരള മുഖ്യമന്ത്രി പിണറായി തരുന്ന സ്നേഹം കൊണ്ടാണ്. സംഘകാലം മുതലുള്ള കേരള – തമിഴ്നാട് ബന്ധമാണ് ഇതിൽ പങ്കെടുക്കാനുള്ള മറ്റൊരു കാരണം. പിണറായി വിജയൻ ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ജീവനാഡിയാണെന്നും അദ്ദേഹം പറഞ്ഞു.
സെമിനാർ വേദിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ടുകൽ നൽകിയാണ് സ്വീകരിച്ചത്. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കരുത്തരായ മുഖ്യമന്ത്രിമാരാണ് ഒരേ വേദിയിലെത്തിയിരിക്കുന്നത്. വലിയ രാഷ്ട്രീയ ചിത്രമാണിത്. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിന് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസ് നേതാവ് കെ.വി തോമസും പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ സെമിനാറിലും പാർട്ടി കോൺഗ്രസിലും നടത്തുന്നത്.
Read Also : കേരളത്തിലെയടക്കം ജനതാത്പര്യം സംരക്ഷിക്കും; ഉറപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിച്ച് സി.പി.ഐ.എം പാർട്ടി കോൺഗ്രസിലെത്തിയിരുന്നു. എഐസിസി അംഗം കെ.വി. തോമസിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
Story Highlights: MK Stalin speaking in Malayalam at the CPI (M) Party Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here