ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയായ പിണറായിയെ പ്രകീർത്തിക്കുന്ന കെ.വി. തോമസിനെ അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന കെ.വി. തോമസിനെ അംഗീകരിക്കാനാവില്ലെന്നും നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു രാഷ്ട്രീയ പ്രവർത്തകന് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചിട്ടുള്ളയാളാണ് കെ.വി. തോമസ്. കേരളത്തിന്റെ മുഖ്യമന്ത്രി ഇതുപോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ കാലുമാറ്റാനായി നടക്കുകയാണെന്നാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്. തോമസ് മാഷ് പോയതിൽ ദുഖമുണ്ട്. എന്നാൽ ഇത്തരം കുതന്ത്രങ്ങളിലൂടെ കോൺഗ്രസിനെ തകർക്കാൻ പിണറായിക്കും സി.പി.ഐ.എമ്മിനും കഴിയില്ല. കൂടുതൽ ആവേശത്തോടെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കണമെന്ന് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് ശശി തരൂർ എം.പി പ്രതികരിച്ചിരുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം അംഗീകരിച്ചത്. ഇത്തരം പൊതു വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ സാധാരണ ഗതിയിൽ പങ്കെടുക്കാറാണ് പതിവ്. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്‍റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : സിപിഐഎം കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പ്രവര്‍ത്തിക്കണം; രമേശ് ചെന്നിത്തല
കെ.വി. തോമസിന്റെ വിഷയത്തിൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കെ റെയിലിൽ കെ.വി. തോമസിന്റെ നിലപാട് വിവരമില്ലായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചിരുന്നു. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് അദ്ദേഹം. ഈ വിഷയത്തിൽ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ചത് രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയാണ്. ഗുതുതര അച്ചടക്ക ലംഘനമാണ് നടത്തിയത്. പാർട്ടി പ്രവർത്തകരുടെ വികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് നടപടി. അധികാര മോഹിയായ കെ.വി. തോമസ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്നും സുധാകരൻ വിമർശിച്ചു.
വലിയ വിവാദങ്ങൾക്കൊടുവിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ്
അദ്ദേഹം വേദിപങ്കിട്ടത്.
Story Highlights: Ramesh Chennithala against KV Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here